മനോഹർ പരീക്കറിന്റെ മകൻ പുറത്ത്; ഗോവയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
Mail This Article
പനാജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ പട്ടികയിൽ നിന്നും ഒഴിവാക്കി. സംഭവത്തിൽ തന്റെ നിലപാട് വൈകാതെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന ‘ശരിയായ ആദരമാകും’ അതെന്നും റാവുത്ത് വ്യക്തമാക്കിയിരുന്നു.
പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാള്‍ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പനജിയിൽനിന്ന് മനോഹർ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അന്തരിച്ചത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊന്‍സരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറി.
അടുത്ത മാസം 14നാണ് ഗോവയിലെ തിരഞ്ഞെടുപ്പ്. 40 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ആദ്യമായാണ് എല്ലാ സീറ്റുകളിലും പാർട്ടി പോരാട്ടത്തിനിറങ്ങുന്നത്.
English Summary: Son Of Ex Chief Minister Manohar Parrikar Is Not A BJP Candidate