‘ഈശ്വരനാണെ സത്യം, കൂറുമാറില്ല’; മണിപ്പുരിലും ഗോവ മോഡൽ: എഴുതി വാങ്ങാൻ ബിജെപി
Mail This Article
ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞടുപ്പിനോട് അടുക്കെ, നേതാക്കളുടെ കൂറുമാറ്റം തടയാനുറച്ച് മണിപ്പുർ കോൺഗ്രസും ബിജെപിയും. പാർട്ടിയിൽനിന്നു കൂറുമാറില്ല എന്നു ‘ഗോവ മാതൃകയിൽ’ നേതാക്കളെക്കൊണ്ടു പ്രതിജ്ഞയെടുപ്പിക്കാനാണു മണിപ്പുർ കോൺഗ്രസ് കമ്മിറ്റിയുടെ നീക്കം. അതേ സമയം ഇക്കാര്യം നേതാക്കളിൽനിന്നു രേഖയായി എഴുതിവാങ്ങാനാണു ബിജെപിയുടെ തീരുമാനം.
2017 നിയമസഭാ തിരഞ്ഞെടുപ്പിൽ 28 അംഗങ്ങളെ ജയിപ്പിച്ച കോൺഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ പിന്നീടുള്ള 5 വർഷത്തിനിടെ, 16 എംഎൽഎമാരാണു കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു കൂറുമാറിയത്.
നേതാക്കളുടെ ധാരാളിത്തമാണു സംസ്ഥാനത്തു ബിജെപിയുടെ പ്രശ്നം. 60 സീറ്റുകളിൽ കുറഞ്ഞത് 40 ഇടങ്ങളിലെങ്കിലും 3–4 പേരാണു ബിജെപിക്കായി മത്സരിക്കാൻ തയാറെടുത്തു നിൽക്കുന്നത്. തുടർ ചർച്ചകളിലൂടെ സ്ഥാനാർഥികളെ തിരഞ്ഞെടുക്കാനും അസംതൃപ്തരുടെ ‘കൊഴിഞ്ഞുപോക്ക്’ തടയാനുമാണു ബിജെപി നീക്കം. നേതാക്കളുടെ പ്രതിജ്ഞ എങ്ങനെ വേണമെന്നതു സംബന്ധിച്ചുള്ള ചർച്ചകളിലാണു കോൺഗ്രസ് നേതൃത്വം.
English Summary: Loyalty "Oath", Goa-Style For Congress In Manipur; BJP's "Cooperation" Deed