യുപി: ബിജെപിക്കെതിരെ തിരിഞ്ഞ് ജാട്ടുകൾ; കർഷക സമരം വോട്ടാക്കാൻ രാഷ്ട്രീയ ലോക്ദള്‍
Mail This Article
ലക്നൗ∙ പശ്ചിമ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ മുഖ്യമായും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ് ജാട്ട് വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ജാട്ട് വോട്ടുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയതോടെയാണ് പശ്ചിമ യുപിയില്‍ ബിജെപി കുതിച്ചു പാഞ്ഞത്.
ഇത്തവണ പക്ഷെ, ജാട്ട് മേഖലകളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത് എതിര്‍പ്പിന്റെ സ്വരങ്ങളാണ്. കര്‍ഷക സമരത്തിന്റെ ബാക്കി പത്രമാണ് ഈ സ്വരംമാറ്റം.
മുസഫര്‍നഗറിലെ ജാട്ട് ഭൂരിപക്ഷ ഗ്രാമങ്ങളിലൊന്നാണ് സിസോളി. ജാട്ട് കര്‍ഷകരുടെ വലിയ പിന്തുണയുള്ള ഭാരതീയ കിസാന്‍ യൂണിയന്റെ ആസ്ഥാനം ഇവിടെയാണ്. ഈ തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായംഗങ്ങളുടെ വികാരത്തിന്റെ ഒരു പ്രതിഫലനം ഇവിടെ കാണാം.
ഈ എതിര് വികാരത്തിന്റെ നേരിട്ടുള്ള ഗുണഭോക്താവ് സമാജ്വാദി പാര്‍ട്ടിയുടെ സഖ്യക്ഷിയായ രാഷ്ട്രീയ ലോക്ദളായിരിക്കും. 2013ലെ മുസഫര്‍ നഗര്‍ കലാപത്തിനുശേഷം നഷ്ടപ്പെട്ട ജാട്ട് പിന്തുണ തിരിച്ച് പിടിച്ചാല്‍ മുസഫര്‍ നഗര്‍, ഷംലി, ബാഗ്പത്ത്, മീററ്റ്, ഹാപൂര്‍ തുടങ്ങിയ ജില്ലകളില്‍ ആര്‍എല്‍ഡി ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തും.
ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 38 സീറ്റുകളിലും സഖ്യത്തിനുവേണ്ടി മത്സരിക്കുന്നത് ആര്‍എല്‍ഡിയാണ്. ഇതില്‍ പത്ത് സീറ്റുകളിലും ജാട്ട് സ്ഥനാര്‍ത്ഥികളാണ്. പന്ത്രണ്ട് ജാട്ട് സ്ഥാനാര്‍ത്ഥികളെ ബിജെപിയും പ്രഖ്യാപിച്ചു. ആര്‍എല്‍ഡി–എസ്പി സഖ്യത്തിലെ സ്ഥനാര്‍ത്ഥി നിര്‍ണയത്തിലെ കല്ലുകടി മുതലാക്കിയും പ്രചാരണത്തില്‍ മുസഫര്‍ നഗര്‍ കലാപത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയും ജാട്ട് വോട്ടുകള്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.
English Summary: Jat voters against BJP in UP