മരുമകൾ ബിജെപി സ്ഥാനാർഥിയായി മത്സരത്തിന്; പത്രിക പിൻവലിച്ച് കോൺഗ്രസ് നേതാവ്
Mail This Article
പനജി∙ ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനു തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പ്രതാപ് സിങ് റാണെ മത്സരത്തിൽനിന്നു പിന്മാറി. മരുമകൾ എതിർസ്ഥാനാർഥിയായി എത്തിയതിനു പിന്നാലെയാണ് റാണെ നാമനിർദേശപത്രിക പിൻവലിച്ചത്.
എന്നാൽ പ്രായാധിക്യം മൂലമാണ് മത്സരിക്കാത്തതെന്നും കുടുംബത്തിൽനിന്നു സമ്മർദമില്ലെന്നും 87കാരനായ പ്രതാപ് സിങ് റാണെ അറിയിച്ചു. ഡിസംബറിലാണ്, പോരിം മണ്ഡലത്തിലെ സ്ഥാനാർഥിയായി റാണെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പോരിം മണ്ഡലത്തെ 11 തവണ നിയമസഭയിൽ പ്രതിനിധീകരിച്ച റാണെ, ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ പരാജയപ്പെട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകൾ ദിവ്യ വിശ്വജിത് റാണെ പോരിമ്മിൽ സ്ഥാനാർഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ദിവ്യയുടെ ഭർത്താവും പ്രതാപ് സിങ് റാണെയുടെ മകനുമായ വിശ്വജിത് റാണെ നിലവിൽ ബിജെപി സർക്കാരിൽ മന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് കോൺഗ്രസ് നേതാവായിരുന്ന വിശ്വജിത് ബിജെപിയിൽ ചേർന്നത്.
നേരത്തെ, വിശ്വജിത് പോരിമ്മിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സമീപമണ്ഡലമായ വാൽപോയിയിലാണ് വിശ്വജിത് മത്സരിക്കുന്നത്. മരുമകളെ വിജയിപ്പിക്കുന്നതിനു വേണ്ടി ബിജെപി ആവശ്യപ്പെട്ട പ്രകാരമാണ് മത്സരത്തിൽനിന്നു പിന്മാറിയതെന്ന ആരോപണം പ്രതാപ് സിങ് റാണെ നിഷേധിച്ചു.
English Summary: Pratapsinh Rane, Facing Daughter-In-Law, Withdraws From Contest