തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ ഇല്ലാതെ കേന്ദ്ര ബജറ്റ്; ആയുധമാക്കി പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഏതാനും ദിനങ്ങൾ മാത്രം അവശേഷിക്കെ 2022 ബജറ്റിൽ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതികൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾക്ക് വിപരീതമാണ് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. സ്ത്രീകളുടെ ഉന്നമനത്തിനും തൊഴിലവസരങ്ങൾ ഉയർത്തുന്നതും കാർഷികമേഖലയ്ക്ക് ഉപകരിക്കുന്നതുമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് പ്രതിപക്ഷ കക്ഷികൾ ആരോപണമായി ഉയർത്തുന്നു. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സമയമായതിനാൽ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ഏറെ പ്രസക്തി ഉണ്ടാകുമായിരുന്നുവെന്നും ഈയവസരം കേന്ദ്രം നഷ്ടപ്പെടുത്തിയെന്നും രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കർഷകർക്ക് ഗുണപ്രദമായ പദ്ധതികൾ തയ്യാറാക്കാത്തതും പിന്നാക്കമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ, സ്ത്രീകളും യുവാക്കളും രാജ്യത്തു നേരിടുന്ന പ്രശ്നങ്ങളായ സ്ത്രീ സുരക്ഷ, തൊഴിലില്ലായ്‌മ എന്നിവ നേരിടാൻ കാര്യമായൊന്നും കേന്ദ്രം ചെയ്തില്ലെന്ന ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ നൽകുമെന്ന വാഗ്ദാനവും പാഴ് വാക്ക് ആയി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ആദായനികുതി നിരക്കിൽ മാറ്റങ്ങൾ വരുത്താതിരുന്നതും മധ്യവർഗ വിഭാഗത്തിന് നിരാശ പകർന്നു. വിലക്കയറ്റവും ശമ്പള വെട്ടിച്ചുരുക്കലും മൂലം അസ്വസ്ഥരായ ജനത്തിന് ആശ്വാസ നടപടികൾ എടുക്കാതിരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകുമോ എന്ന് രാഷ്ട്രീയ സമൂഹം ഉറ്റുനോക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ സൂചനകൾ പ്രകടമാകാതെയുള്ള ബജറ്റാണ് നിർമല അവതരിപ്പിച്ചത് എന്നാണ് പൊതു അഭിപ്രായം. കർഷകർ ഏറെ വസിക്കുന്ന ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റ് എങ്ങനെ ബാധിക്കുമെന്നതും തിരഞ്ഞെടുപ്പ് കാലത്ത് പ്രസക്തമാണ്.
കേന്ദ്രം പറയുന്നു; പദ്ധതികൾ നിറയെ
യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗത്തിൽ പെട്ട ജനങ്ങൾ എന്നിവരുടെ ന്യായമായ ആവശ്യങ്ങൾ മനസ്സിലാക്കി നടപടിയെടുക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് എന്ന് ബജറ്റ് പ്രസംഗ വേളയിൽ നിർമല അവകാശപ്പെട്ടു. സാമ്പത്തിക വളർച്ചയ്ക്കും ഉന്നമനത്തിനും രൂപം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എല്ലാ വിഭാഗത്തിൽപെട്ട ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന 'അമൃത്‌കാൽ' ഭാവിയാണ് കേന്ദ്രം വിഭാവനം ചെയ്യുന്നതെന്ന് നിർമല കൂട്ടിച്ചേർത്തു.
കർഷകർക്ക് താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ നൽകി. ഇത് രാജ്യത്തെ 163 ലക്ഷം കർഷകർക്ക് നേട്ടമായി. കാർഷികവിളകൾ നിരീക്ഷിക്കാൻ ഡ്രോണുകൾ, ഭൂരേഖകളുടെ ഡിജിറ്റൽവൽക്കരണം എന്നീ പദ്ധതികൾ നടപ്പിലാക്കുമെന്നും ജൈവകൃഷി പ്രോൽസാഹിപ്പിക്കാൻ നടപടികൾ ഉണ്ടാകുമെന്നും നിർമല അറിയിച്ചു. 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം വിഭാവനം ചെയ്‌ത ആത്മനിർഭർ ഭാരതിലൂടെ സാധിക്കുമെന്നും മന്ത്രി പ്രസ്‌താവിച്ചു.
English Summary: Budget steers clear of announcements focussed on poll-bound states