ADVERTISEMENT

കോഴിക്കോട്∙ കേന്ദ്രബജറ്റ് രാജ്യവികസനത്തിനും കുതിച്ചുചാട്ടത്തിനും സഹായകരമായതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോവിഡിനിടയിലും രാജ്യത്തിന്റെ സുസ്ഥിരത വെളിവാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനമേഖലയിൽ കുതിച്ചുചാട്ടമുണ്ടാവും. ഗ്രാമീണവികസനം മുതൽ വിമാനത്താവള വികസനം വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ നീതി നടപ്പാക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ–റെയിൽ പോലുള്ള വലിയ പദ്ധതികളല്ല ആവശ്യം. കൂടുതൽ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിനാവശ്യം. സംസ്ഥാനത്തിന് ട്രെയിനുകൾ അനുവദിക്കും. ഈ വർഷം 75 ട്രെയിനുകൾ പുറത്തിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രിയുമായി നാലിന് കേരളത്തിലെ ബിജെപി നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിന് കെ–റെയിലിൽനിന്ന് പിൻമാറാമെന്നും സുരേന്ദ്രൻ പറഞ്ഞു. കെ–റെയിൽ നടപ്പാക്കാൻ ബിജെപി അനുവദിക്കില്ല. സമരങ്ങൾ ശക്തിപ്പെടുത്തും. ഇത്തരമൊരു ഹിമാലയൻ മണ്ടത്തരത്തിനു റെയിൽവേ മന്ത്രാലയം അനുമതി നൽകില്ല.

പിഎംഎവൈ ആവാസ് യോജനയിലൂടെ വീടില്ലാത്തവർക്കു ആശ്വാസമേകാൻ പണമനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസ നയം കേരളത്തിന് ഏറെ സഹായകമാണ്. ഡിജിറ്റൽ കറൻസിക്ക് ആർബിഐ അംഗീകാരം നൽകിയതോടെ വലിയ കുതിച്ചുചാട്ടമുണ്ടാവും. രാജ്യത്തെ ജനങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ചിലകാര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ലോകായുക്തയുടെ അധികാരം എടുത്തുകളയുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉടനെ ചില കേസ് വരുമെന്നറിഞ്ഞാണ് പുതിയ നീക്കം.

അണ്ണാഹസാരെ ഡൽഹിയിൽ സമരം നടത്തുമ്പോൾ ലോക്പാൽ മാതൃക കേരളത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി വിജയനാണ്. ഇന്നു ലോക്പാലും വേണ്ട, ഇപ്പോഴുള്ള ലോകായുക്ത പോലും വേണ്ട. ജലീലിന്റെ മാതൃകയിൽ ചിലർ പുറത്തുപോവുമെന്നും മുഖ്യമന്ത്രിക്കുതന്നെ ഭീഷണിയാവുമെന്നുള്ള ഭയമാണ്.

അഴിമതിയെ പ്രോത്സാഹാപ്പിക്കുന്ന സർക്കാരാണെന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന നിലപാടാണ്. കർണാടകയെക്കുറിച്ചും ഗോവയെക്കുറിച്ചുമൊക്കെ ചർച്ച നടത്തുന്നതെന്നത് എല്ലാവർക്കുമറിയാം. എല്ലാ കാര്യങ്ങളിലും ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സംസ്ഥാനസർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

മീഡിയ വണ്ണിനു ലൈസൻസ് നിഷേധിച്ച സംഭവത്തിൽ രാഷ്ട്രീയമായി മറുപടി പറയേണ്ടതില്ലെന്നും സാങ്കേതിക പ്രശ്നമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ചാനൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് പുതുക്കലും അതിനാവശ്യമായ രേഖകൾ നൽകലുമെല്ലാം സാങ്കേതിക കാര്യങ്ങളാണ്. യഥാസമയം നടത്തേണ്ട നടപടിക്രമം പാലിക്കേണ്ടതാണ്. ഹൈക്കോടതി രണ്ടുദിവസത്തേക്ക് സ്റ്റേ കൊടുത്തിട്ടുണ്ട്.

ചില കേസുകൾ സംബന്ധിച്ച വാർത്ത കൊടുത്തതിനെതിരെ ഒരു ചാനൽ മേധാവിക്കെതിരെ കേരള പൊലീസ് കേസെടുത്തതിൽ ആർക്കും പരാതിയില്ലേ? സമൂഹമാധ്യമങ്ങളിൽ ഒരു കോലാഹലവും കണ്ടില്ല. ജമാഅത്തെ ഇസ്‌ലാമി രാജ്യത്തിനു വിരുദ്ധ ശക്തിയാണെന്നു പറയാൻ ബിജെപിക്ക് ഒരു വോട്ട്ബാങ്ക് പേടിയുമില്ല. കേന്ദ്രസർക്കാരിന്റെ അഭിഭാഷകർ ഈ കേസ് ഹൈക്കോടതിയിൽ വരുമ്പോൾ നിലപാടു വ്യക്തമാക്കും. തികച്ചും സാങ്കേതികമായ കാരണമായതിനാൽ രാഷ്ട്രീയമായി ബിജെപി മറുപടി പറയേണ്ട കാര്യമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran's Reaction on Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com