ബജറ്റിൽ കിഫ്‌ബി, കെ ഫോണ്‍ പദ്ധതികളുടെ അനുകരണം: കോടിയേരി
Mail This Article
തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോവിഡ് കാലഘട്ടത്തില്‍ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് പരിഗണിക്കപ്പെട്ടില്ല. റെയില്‍വേ സോണ്‍ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നു. കെ റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ഇല്ലെന്ന് കോടിയേരി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കും ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടിയും സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ്. കോവിഡ് കാലഘട്ടത്തില്‍ 39,000 കോടി രൂപ വാക്‌സിനേഷനായി നീക്കിവച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. ഭക്ഷ്യ സബ്‌സിഡിയില്‍ 28 ശതമാനം കുറവു വരുത്തിയ നടപടി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. എല്‍ഐസി ഓഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള സ്വകാര്യവത്‌ക്കരണ നടപടികളും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കിഫ്‌ബി, കെ ഫോണ്‍ പോലുള്ള പദ്ധതികളുടെ അനുകരണങ്ങൾ കേന്ദ്രബജറ്റിലുണ്ടെന്ന് കോടിയേരി പറഞ്ഞു.
English Summary: Kodiyeri Balakrishnan on Union Budget