ADVERTISEMENT

പാലക്കാട്∙ ‘‘കടക്കെണിയിൽ ജീവിച്ച കർഷകന്റെ ജീവിതം കോവിഡ് മഹാമാരിക്കാലത്ത് കൂടുതൽ കുരുക്കിലായതു കാണാത്ത കേന്ദ്രബജറ്റാണിത്. ജീവിതചെലവു വർധിക്കുന്നത് അടിസ്ഥാനമാക്കി ജീവനക്കാർക്ക് ഡിഎ വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ അതുപോലെ, ഒരു പക്ഷേ അതിലേറെ പ്രധാന്യമുള്ളതാണ് കർഷകരുടെ വരുമാനം വർധിപ്പിക്കുകയെന്നതും. കർഷകർക്ക് സ്പെഷൽ ഡിഎ എന്നപോലെ അതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. താങ്ങുവില വർധിപ്പിക്കാനുള്ള നടപടികളും കാണുന്നില്ല. കോവിഡ് കാലത്ത് വളർച്ച നേടിയത് കൃഷിമേഖല മാത്രമാണെന്നു വ്യക്തമാക്കി കേന്ദ്രത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബജറ്റിലെ ഈ അവഗണന.’’ – ഒരു കൃഷിക്കാരൻ കൂടിയായ സംസ്ഥാന വൈദ്യുതമന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് കേന്ദ്രബജറ്റിലെ കൃഷിയുടെ സ്ഥിതിയെക്കുറിച്ചു ഇങ്ങനെ വിവരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഒരു ശരാശരി ചെറുകിട കർഷകന്റെ മാസവരുമാനം  6,400 രൂപയാണ്. എന്നാൽ വിപണിയില്ലാതെയും ഉളളതിൽ വിലയില്ലാതെയും വിളകൾ സ്വയം നശിപ്പിക്കേണ്ട സ്ഥിതിയുണ്ടായും  ഈ കൊടും ദുരിതകാലത്ത് വരുമാനം വീണ്ടും കുറഞ്ഞിട്ടേയുണ്ടാകൂ. അതിനാൽ പലർക്കും മുഴുവൻസമയം കൃഷിയിൽ മുഴുകാൻ കഴിയില്ല. കാരണം, കുടുംബത്തെ പോറ്റാൻ മറ്റു പാർട്ട്ടൈംപണികൾ  ചെയ്യേണ്ടിവരുന്നു. വിളകളിൽ നിന്ന് കോഴിവളർത്തലിലേക്കും, പന്നിവളർത്തലിലേയ്ക്കും മാറേണ്ടിയും വരുന്നു.

കർഷകന്റെ വരുമാനം വർധിപ്പിക്കാനും പ്രത്യേക കാർഷിക പദ്ധതിയും മറ്റും ലക്ഷ്യമിട്ട് കേന്ദ്രത്തിൽ 2016 –ൽ കൃഷികല്യാൺ സെസ് എന്ന സംവിധാനം നിലവിൽവന്നു. മൂല്യവർധിത ഉൽപന്നങ്ങളുടെ വിഹിതം ഉൾപ്പെടെ വാങ്ങി അതിൽ  9000 കോടി രൂപ ലഭിച്ചുവന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജിഎസ്ടി വന്നതോടെ കൃഷികല്യാണും അവസാനിപ്പിച്ചു. ആ തുകകൂടി ഉപയോഗിച്ച് കൃഷിക്ക് പ്രത്യേക ബജറ്റ് തന്നെ ഉണ്ടാക്കാമായിരുന്നില്ലേ എന്നാണ് കൃഷ്ണൻകുട്ടിയുടെ ചോദ്യം. 

afp-farmers
ചിത്രം: AFP

കേന്ദ്രം നെല്ലിനു നൽകുന്ന താങ്ങുവിലയിൽ സംസ്ഥാനസർക്കാർ 9 രൂപകൂടി വർധിപ്പിച്ചു നൽകിയതിനാൽ കേരളത്തിലെ ശരാശരി കർഷകന്റെ മാസവരുമാനം 11,000 രൂപയായി ഉയർന്നു. കർഷകരിൽ മഹാഭൂരിപക്ഷം വരുന്ന മറ്റുസംസ്ഥാനങ്ങളിലൊക്കെ അത് 6,000 രൂപയിൽ ഒതുങ്ങിനിൽക്കുന്നു. ഒന്ന് ആലോചിച്ചുനോക്കൂ, ഈ തുകകൊണ്ട് ജീവിക്കുന്ന കർഷക കുടുംബത്തിന്റെ സ്ഥിതി. അയാളുടെ കുട്ടികൾക്കും പോഷണമൂല്യമുള്ള ഭക്ഷണം കൊടുക്കേണ്ടതല്ലേ. എന്തുകൊണ്ടാണ് കർഷകന്റെ ജീവിത നിലവാരം അളക്കാൻ മാത്രം പ്രത്യേക സൂചികയില്ലാത്തത്. 

ഉള്ളവരുമാനംകൊണ്ട് ഞെങ്ങിഞെരുങ്ങി കൃഷിയുമായി മുന്നോട്ടുപോകണമെങ്കിൽ കൃഷിയിറക്കാനുളള ചെലവ് കുറയണം. കേന്ദ്രസർക്കാരിന്റെ നയംകാരണം വളങ്ങൾക്കും അനുബന്ധവസ്തുക്കൾക്കും ഇന്ധനത്തിനും വില വർധിക്കുകയാണ് ചെയ്തത്. വളങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാനും വിലകുറയ്ക്കാനും ബജറ്റിൽ നിർദ്ദേശമില്ല. 

അടിസ്ഥാനവളങ്ങൾക്കുപോലും തോന്നുമ്പേ‍ാൾ വിലവർധിപ്പിക്കുന്ന രീതിയാണുളളത്.‌ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ എന്നത് പലയിടത്തും ഭൂമിവാങ്ങിക്കൂട്ടി നികുതിവെട്ടിപ്പും കള്ളപ്പണനിക്ഷേപവും നടത്തുന്നവരെ തടയാൻ സഹായിക്കുമായിരിക്കാം. അതിലേറെ കുത്തകകമ്പനികൾക്ക് എവിടെ നിന്നും വലിയതോതിൽ കൃഷിഭൂമിവാങ്ങിക്കൂട്ടാൻ പദ്ധതി സഹായമാകുമെന്നാണ് ആശങ്ക. കാരണം വാങ്ങാവുന്ന ഭൂമിയുടെ അളവ് നിശ്ചയിച്ചിട്ടില്ല. അതതുപ്രദേശത്തെ ഭൂമിക്ക് യോജിക്കാത്ത കൃഷിയും അവർക്ക് ഇറക്കാനാകും. കൃഷിക്കാരന്റെ ജീവിതസൂചിക വർധിക്കണമെങ്കിൽ താങ്ങുവില വർധിപ്പിക്കുകയാണ് വേണ്ടത്. അതാണ് അവർക്ക് കേന്ദ്രത്തിന് നൽകാവുന്ന സ്പെഷൽ ഡിഎ യും–കൃഷ്ണൻകുട്ടി അഭിപ്രായപ്പെടുന്നു.

krishnankutty
കൃഷ്ണൻകുട്ടി.

കർഷകന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന  കാര്യങ്ങൾ ഇത്തവണ ബജറ്റിൽപ്രതീക്ഷിച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന കാർഷിക വികസനനയം രൂപീകരിച്ചത് കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ്. കൃഷിക്ക് പ്രത്യേക ബജറ്റ് എന്ന അതിലെ നിർദ്ദേശം കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ  പിന്നീട് നടപ്പാക്കി. രാജ്യത്ത് ആദ്യമായി കർഷകക്ഷേമനിധിബോർഡ് രൂപീകരിക്കുകയും അതുവഴി  കർഷകർക്ക് ആജീവനാന്ത പെൻഷനും കർഷകന്റെ കാലശേഷം കുടുംബത്തിനും പെൻഷൻ, മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ആനുകൂല്യം എന്നിവയുൾപ്പെടെ നൽകാനുളള നിർദ്ദേശവും കാർഷിക വികസന നയത്തിലേതാണ്.

English Summary: Minister K Krishnankutty on Union Budget allocation for Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com