ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്സോ കേസ്; ‘ദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണി’
Mail This Article
കൊച്ചി∙ മുൻ മിസ്കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോർട്ടു കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഫോർട്ടു കൊച്ചി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാൽ ഇവരുടെ സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ടു കൊച്ചി പൊലീസ് തുടർ അന്വേഷണം നിലവിൽ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്.
English Summary: Pocso Case against Hotel owner Roy Vayalat