സ്വകാര്യവൽക്കരണം ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞത്; ന്യായീകരിച്ച് ധനമന്ത്രി
Mail This Article
ന്യൂഡൽഹി∙ ബിജെപി സാമ്പത്തിക നയങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്വകാര്യവൽകരണത്തിലും ഓഹരിവിറ്റഴിക്കലിലും കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും പരിഹസിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവൽക്കരണത്തിന് വിദഗ്ധ സമിതി രൂപീകരിച്ചത് കോൺഗ്രസ് ഭരണത്തിലുള്ളപ്പോഴാണ്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിറ്റഴിക്കൽ യുപിഎ കാലത്ത് നടന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തിയതായി സിഎജി കണ്ടെത്തി. യുപിഎ കാലത്ത് റിമോർട്ട് കൺട്രോൾ ഭരണമായിരുന്നു. ദേശീയ നയങ്ങൾ സോണിയ ഗാന്ധിയുടെ വീട്ടിൽ തീരുമാനിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്ന സ്ഥിതിയായിരുന്നു. കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിൽ പ്രതിദിനം സ്ത്രീകൾക്കുനേരെ അക്രമം നടക്കുമ്പോൾ യുപിയിൽ പ്രിയങ്ക ഗാന്ധി സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയാകുന്നു. രാജ്യത്തിന് അമൃതകാലവും കോൺഗ്രസിന് രാഹുകാലവുമാണ്.
വിലക്കയറ്റം നേരിയ തോതിൽ ഉണ്ടായെങ്കിലും കൃത്യമായ ഇടപെടലിലൂടെ കാര്യക്ഷമമായി പിടിച്ചു നിർത്താൻ കഴിഞ്ഞു. വിലക്കയറ്റം ഏറ്റവും ഉയർന്നത് യുപിഎ അധികാരത്തിലുണ്ടായിരുന്ന 2010നും 2014നും ഇടയിലാണ്. ഡിജിറ്റൽ ആസ്തികൾക്ക് നികുതി ഈടാക്കുന്നുവെന്നതുകൊണ്ട് ക്രിപ്റ്റോ കറൻസിക്ക് നിയമസാധുത ലഭിച്ചുവെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. നിയമസാധുതയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
English Summary: Privatisation one among bjp's election policy: Nirmala Sitharaman