മത്സരം ജനങ്ങൾക്കായി, സ്വതന്ത്രനായി നിലകൊള്ളും: ഉത്പൽ പരീക്കർ
Mail This Article
പനജി ∙ തലസ്ഥാന മണ്ഡലമായ പനജിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ഗോവയിൽ പാർട്ടി കെട്ടിപ്പടുത്ത നേതാവും മുൻമുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ. ബിജെപിയെ എതിരിടുന്നതിൽ ഭയമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാലും താൻ സ്വതന്ത്രനായി നിലകൊള്ളുമെന്നും ഉത്പൽ പരീക്കർ മനോരമ ന്യൂസിനോട് പറഞ്ഞു. കരുത്തുറ്റ വിമതരുടെ സാന്നിധ്യമാണ് ഇക്കുറി ഗോവയിൽ ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്നത്. പരീക്കറിന്റെ മകൻ റിബൽ സ്ഥാനാർഥിയായി എന്നത് കനത്ത തിരിച്ചടിയായി. 1994 മുതൽ മനോഹർ പരീക്കർ മത്സരിച്ചിരുന്ന മണ്ഡലമാണ് പനജി.
പരീക്കറുടെ മരണശേഷം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് പിന്നീട് ബിജെപിയിൽ ചേക്കേറിയ ബാബുഷ് മൊൺസെരാറ്റയ്ക്ക് വേണ്ടിയാണ് ജൂനിയർ പരീക്കറിനെ ഇക്കുറിയും പാർട്ടി തഴഞ്ഞത്. ഗുണ്ടാനേതാവിന്റെ പരിവേഷമുള്ളയാളെ സ്ഥാനാർഥിയാക്കിയത് ഉൾക്കൊള്ളാനാകാത്ത ഒരുവിഭാഗം ബിജെപി– ആർഎസ്എസ് പ്രവർത്തകരാണ് പരസ്യമായി ഉത്പലിനായി പ്രവർത്തിക്കുന്നത്. മനോഹർ പരീക്കറിനായി വോട്ട് ചോദിച്ചു തന്നെയാണ് ഉത്പലിന്റെയും പ്രചാരണം.
English Summary: Competing is for the people; Will remain independent: Uthpal Parrikar