22,842 കോടിയുടെ വായ്പ തട്ടിപ്പ്: കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ 22,842 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ശക്തമാക്കി കോൺഗ്രസ്. വായ്പ തട്ടിപ്പില്‍ രണ്ട് വർഷം മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പരാതി നല്‍കിയെങ്കിലും സിബിഐ കേസെടുത്തില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. രണ്ടു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഏഴിനാണ് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുകാരെ സഹായിക്കാനാണ് അന്വേഷണം നീട്ടിക്കൊണ്ടുപോയത്. കൊള്ളയടിച്ച് മുങ്ങുകയെന്നത് മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ദഹേജ്, സൂറത്ത് ഷിപ്‌യാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എബിജി ഷിപ്‌യാർഡ് ലിമിറ്റഡ് കമ്പനി എസ്ബിഐ ഉൾപ്പെടെ 28 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. എസ്ബിഐയിൽ നിന്നു മാത്രം 2468.51 കോടി രൂപയുടെ വായ്പയാണ് എടുത്തത്. ഷിപ്‌യാർഡിന്റെ അന്നത്തെ ചെയർമാനും എംഡിയുമായ ഋഷി കമലേഷ് അഗർവാൾ, എക്സിക്യൂട്ടിവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനികുമാർ, സുശീൽകുമാർ അഗർവാൾ, രവി വിമൽ നെവെതിയ എന്നിവരാണ് പ്രതികൾ.
പണം മറ്റു കാര്യങ്ങൾക്കായി തിരിമറി നടത്തുകയായിരുന്നു. 2016ൽ ഇവ കിട്ടാക്കടമായി ബാങ്കുകൾ പ്രഖ്യാപിച്ചിരുന്നു. സഹ സ്ഥാപനമായ എബിജി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട 13 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തിരുന്നു.
English Summary: Congress questions Modi govt over ABG Shipyard bank-fraud case