‘കോൺഗ്രസ് റിമോട്ട് കൺട്രോൾ പാർട്ടി; പഞ്ചാബിൽ ബിജെപി സർക്കാരുണ്ടാക്കും’
Mail This Article
ജലന്ധർ ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ കോൺഗ്രസ് നാണം കെടുത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമരിന്ദർ സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചെന്നും റിമോട്ട് കൺട്രോളിലൂടെ ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചെന്നും മോദി കുറ്റപ്പെടുത്തി. ജലന്ധറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമരിന്ദർ സർക്കാരിനെ കേന്ദ്ര സർക്കാർ ഭരിക്കാൻ ശ്രമിച്ചെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തോടായിരുന്നു മോദിയുടെ പ്രതികരണം. 'അമരിന്ദർ കേന്ദ്രത്തിനൊപ്പം നിന്നു. അത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരാണോ? ബിജെപിയെ അനുസരിക്കുകയും കോൺഗ്രസിനെ എതിർക്കുകയും ചെയ്ത നേതാവാണ് അമരിന്ദർ എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പക്ഷേ, അമരിന്ദർ ഭരണത്തെ എതിർത്ത, ആ സർക്കാരിനെ പുറത്തുകളഞ്ഞ പാർട്ടിയാണ് കോൺഗ്രസ്.
കോൺഗ്രസിനെ ഭരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയല്ല, ഒരു കുടുംബത്തിന്റെ റിമോട്ട് കൺട്രോളിലാണ് അവർ മുന്നോട്ട് നീങ്ങുന്നത്'- മോദി പറഞ്ഞു. ബിജെപി സഖ്യം സർക്കാരുണ്ടാക്കുമെന്നും തന്റെ ക്ഷേത്ര സന്ദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്നും മോദി കുറ്റപ്പെടുത്തി. പഞ്ചാബിന്റെ സുരക്ഷയെപ്പറ്റി ചിന്തിക്കുന്നവർ അധികാരത്തിൽ വരണം.
മുൻപ് കോൺഗ്രസ് ചെയ്‌ത തെറ്റുകൾക്കുള്ള ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് പറഞ്ഞ മോദി, പഞ്ചാബിൽ സ്ഥിരതയുള്ള സർക്കാർ സ്ഥാപിക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം കർഷക പ്രതിഷേധത്തെ തുടർന്ന് മേൽപ്പാലത്തിൽ 20 മിനിറ്റ് കുടുങ്ങിക്കിടന്ന് യാത്ര റദ്ദാക്കിയ ശേഷം ഇതാദ്യമായാണ് മോദി പഞ്ചാബ് സന്ദർശിക്കുന്നത്.
English Summary: "They Said Centre Ran Captain's Government": PM Targets Gandhis In Punjab