ഇക്കുറി മോദി എത്തിയപ്പോള്‍ പറക്കാനാകാതെ ഛന്നി; കോപ്റ്റര്‍ യാത്രയ്ക്ക് അനുമതിയില്ല
Mail This Article
ചണ്ഡിഗഡ് ∙ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തിയപ്പോള്‍ കര്‍ഷക പ്രതിഷേധം മൂലം യാത്ര മുടങ്ങിയതാണു വിവാദമായതെങ്കില്‍, ഇക്കുറി മോദി എത്തിയപ്പോള്‍ മുടങ്ങിയതു മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, പഞ്ചാബിൽ കോൺഗ്രസ്– ബിജെപി രാഷ്ട്രീയപ്പോരിനു വീര്യം കൂട്ടി പുതിയ വിവാദം.
ചരൺജിത് സിങ് ഛന്നിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി നിഷേധിച്ചതാണു പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഞ്ചാരപഥത്തിലായതിനാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ഛന്നിയുടെ ഹെലികോപ്റ്ററിന് അനുമതി നൽകാതിരുന്നത്.
ചണ്ഡിഗഡിലെ രാജേന്ദ്ര പാർക്കിൽനിന്നു ടേക്ക് ഓഫ് ചെയ്യാനാണു ഛന്നി നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ സഞ്ചാരപഥത്തിന്റെ ഭാഗമായതിനാൽ പ്രദേശം പറക്കൽ നിരോധിതമാണെന്നു (നോ ഫ്ലൈ സോൺ) ചൂണ്ടിക്കാട്ടി അനുമതി നൽകിയില്ല. ജലന്ധറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലി.
ഹോഷിയാപുരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റാലിയിൽ പങ്കെടുക്കാനാണു ഛന്നി യാത്ര നിശ്ചയിച്ചിരുന്നത്. ഈ റാലിയിൽ ഛന്നിക്ക് പങ്കെടുക്കാനായില്ല. അതേസമയം, ഹോഷിയാപുരിൽ രാഹുലിന്റെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ തടസ്സമുണ്ടായില്ല.
ഛന്നിയുടേതു നേരത്തേ നിശ്ചയിച്ച യാത്രയാണെന്നും സർക്കാർ അനുമതി നൽകാതിരുന്നതു നാണക്കേടാണെന്നും കോൺഗ്രസ് നേതാവ് സുനിൽ ഝക്കർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തില്ലെങ്കിൽ, ഈ തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നു താൻ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20ന് ആണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്, മാർച്ച് 10ന് ഫലമറിയാം.
കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദി പഞ്ചാബിലെത്തിയപ്പോള്‍ കര്‍ഷക പ്രതിഷേധം മൂലം വാഹനവ്യൂഹം 20 മിനിറ്റോളം പാലത്തില്‍ കുടുങ്ങിക്കിടന്നതു വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഫിറോസ്പുരിലെ യോഗത്തില്‍ പങ്കെടുക്കാതെയാണു മോദി മടങ്ങിയത്.
English Summary: Battle for Punjab hits the sky: CM Channi's helicopter not allowed to take off due to PM's movement