അനാരോഗ്യം: ഇഡി ഓഫിസിലെത്തിയ സ്വപ്ന മൊഴി നൽകാതെ മടങ്ങി
Mail This Article
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾക്കു തയാറായ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും മൊഴി നൽകാതെ മടങ്ങി. അനാരോഗ്യം കാരണം ചോദ്യം ചെയ്യലിനു സാവകാശം തേടുകയായിരുന്നു. സ്വപ്നയുടെ ആവശ്യം ഇഡി ഉദ്യോഗസ്ഥർ അംഗീകരിച്ചു.
രാവിലെ അഭിഭാഷകനെ കണ്ടതിന് ശേഷമാണ് സ്വപ്ന ഇഡി ഓഫിസിൽ ഹാജരായത്. ഫെബ്രുവരി 9ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടിസ് അയച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു ഹാജരാകാമെന്നു സ്വപ്ന ഇമെയിലിൽ അറിയിക്കുകയായിരുന്നു.
കേസന്വേഷണം അട്ടിമറിക്കാനും ഇഡിയെ സംശയത്തിന്റെ നിഴലിൽ നിർത്താനും ലക്ഷ്യമിട്ടു തയാറാക്കിയ സ്വപ്നയുടെ ശബ്ദസന്ദേശത്തിനു പിന്നിൽ കേസിലെ പ്രതി എം.ശിവശങ്കറാണെന്നു അടുത്തിടെ സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. കേസിലേക്കു മുഖ്യമന്ത്രിയുടെ പേരു വലിച്ചിഴച്ചതും ശിവശങ്കറാണെന്നാണു സ്വപ്നയുടെ നിലപാട്.
ശിവശങ്കറിന്റെ നിർദേശപ്രകാരം കേസിലെ കൂട്ടുപ്രതിയായ സന്ദീപ് റെക്കോർഡ് ചെയ്ത സ്വപ്നയുടെ ആദ്യ ശബ്ദസന്ദേശത്തിലാണു സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ‘സംസ്ഥാന മന്ത്രിസഭയെ ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നവർ തോറ്റുപോകുമെന്ന’ വെല്ലുവിളി സ്വപ്ന നടത്തുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സ്വപ്ന നടത്തിയ ഈ പരാമർശത്തിനു പിന്നിൽ ശിവശങ്കറാണെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തൽ. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതു വരെ ബെംഗളൂരുവിൽ ഒളിവിൽ താമസിക്കാൻ നിർദേശിച്ചതും ശിവശങ്കറാണെന്നും അവർ പറഞ്ഞു. കേസന്വേഷണം എൻഐഎക്കു കൈമാറാനുള്ള ചരടുവലി നടത്തിയതു ശിവശങ്കറാണെന്നു വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് അറിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
English Summary: Gold Smuggling Case: Enforcement Directorate to question Swapna Suresh