ഹോട്ടലിൽ എത്തിച്ചത് അഞ്ജലി, അമ്മാവൻ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തൽ
Mail This Article
കൊച്ചി∙ നമ്പര്‍ 18 ഹോട്ടലുടമയ്ക്കെതിരായ കേസിലെ പ്രതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിക്കാരി. കേസിലെ പ്രതി അഞ്ജലി റിമ ദേവിന്റേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. അഞ്ജലി തന്നെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയാണ്. നമ്പര്‍ 18 ഹോട്ടലില്‍ തന്നെയും പെണ്‍കുട്ടികളെയും കൊണ്ടുപോയത് അഞ്ജലി തന്നെയാണ്. അഞ്ജലിയുടെ അമ്മാവന്‍ ജ്യോതിപ്രകാശ് ഭീഷണിപ്പെടുത്തി. ലഹരികടത്തുകാരിയാക്കുമെന്നായിരുന്നു ഭീഷണി. തന്റെ പരാതി തെളിവുസഹിതമാണ് പൊലീസിനു നല്‍കിയിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, പരാതിക്കാരി പ്രായപൂർത്തിയാകാത്ത മകളുമായി സ്വമേധയാ ഡിജെ പാർട്ടിക്ക് വന്നതാണെന്നായിരുന്നു മൂന്നാം പ്രതി അഞ്ജലി റിമ ദേവ് മനോരമ ന്യൂസിനോട് പറഞ്ഞത്. ഡിജെ പാർട്ടിക്കിടെ ലൈംഗിക അതിക്രമം നടന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ തെളിവാണ്. റോയി വയലാട്ടിനെ തനിക്ക് അറിയില്ലെന്നും പാർട്ടി കഴിഞ്ഞു സന്തോഷത്തോടെയാണ് പരാതിക്കാരി മടങ്ങിയതെന്നും അഞ്ജലി മനോരമ ന്യൂസിനോട് പറഞ്ഞു.
നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും ഷൈജു തങ്കച്ചനും അഞ്ജലി റിമ ദേവിനും എതിരായ പോക്സോ കേസിൽ പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് അഞ്‌ജലി റിമാ ദേവ്. പ്രായപൂർത്തിയവാത്ത പെൺകുട്ടികളുമായി പരാതിക്കാരി സ്വമേധയാ ഡിജെ പാർട്ടിക്കു വന്നതാണ്. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയതല്ല.
ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാർട്ടിയിൽ പങ്കെടുക്കുന്നുണ്ട്. ആരും മോശമായി പെരുമാറിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ തെളിവാണ്. ഡിജെ പാർട്ടിക്ക് ശേഷം സന്തോഷത്തോടെയാണ് പരാതിക്കാരിയും സംഘവും മടങ്ങിയത്. വൈരാഗ്യത്തിന്റെ പുറത്ത് കള്ളപ്പരാതി നൽകി തന്നെ അപകീർത്തിപ്പെടുത്തുക മാത്രമാണ് പരാതിക്കാരിയുടെ ലക്ഷ്യം. ഇതു താൻ നേരത്തെ അറിഞ്ഞിരുന്നു എന്നും അഞ്ജലി മനോരമ ന്യൂസിനോടു പറഞ്ഞു. ഫെയ്സ്ബുക്ക് വിഡിയോ വഴി പരാതിക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് കഴിഞ്ഞ ദിവസം അഞ്ജലി രംഗത്തു വന്നിരുന്നു. അതിനു പുറമെയാണ് കൂടുതൽ അവകാശവാദങ്ങൾ മനോരമ ന്യൂസിനോടു പങ്കുവച്ചത്.
English Summary: POCSO case: more allegations against Anjali Reemadev