ചലനാത്മക നേതൃത്വത്തിനായി ആവശ്യം; കെ.എം.അഭിജിത്ത് ഒഴിയുമോ, തുടരുമോ? ആശയക്കുഴപ്പം
Mail This Article
തിരുവനന്തപുരം∙ പാർട്ടി പുനഃസംഘടന പൂർത്തിയാക്കാൻ പെടാപ്പാട് പെടുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു വലിയ തലവേദനയായി കെഎസ്‍യു പുനഃസംഘടന. കെഎസ്‌യു പുനഃസംഘടന നടത്താൻ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിനു ചുമതല നൽകിയെങ്കിലും ഗ്രൂപ്പുകൾക്കുള്ളിലോ, പാർട്ടിയിലോ, സംഘടനയിലോ ഇതു സംബന്ധിച്ച് സമവായത്തിലെത്താനായിട്ടില്ല. 2017 ഫെബ്രുവരിയിൽ നിലവിൽ വന്ന കമ്മിറ്റി അഞ്ചു വർഷം തികച്ചു. രണ്ടു വർഷമാണ് ഒരു കമ്മിറ്റിയുടെ കാലാവധിയെന്നിരിക്കെയാണിത്.
കോവിഡാണ് പുനഃസംഘടന വൈകുന്നതിനുള്ള കാരണമായി ഇതുവരെ പറഞ്ഞിരുന്നതെങ്കിൽ, നിലവിലെ പ്രസിഡന്റ് കെ.എം.അഭിജിത്ത് ഒഴിയണമോ, വേണ്ടയോ എന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ പുനഃസംഘടന നീളുന്നത്. സംഘടനയിലെ പ്രായപരിധിയും മറ്റു മാനദണ്ഡങ്ങളും അനുസരിച്ച് അഭിജിത്തിനു വേണമെങ്കിൽ തുടരാം. തുടരണമെന്ന താൽപര്യം അഭിജിത്തിനുണ്ടുതാനും. എന്നാൽ എ ഗ്രൂപ്പിൽ തന്നെ പല ഭാരവാഹികളും സംഘടനയുടെ മുഖം മാറുന്നതിനായി അഭിജിത്ത് മാറണമെന്നു വാദിക്കുന്നുണ്ട്.
പകരമൊരാളെ ശക്തമായി നിർദേശിക്കാൻ കഴിയാത്തതാണ് എ ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനെന്നതാണ് കാലങ്ങളായി കെഎസ്‌യുവിലെ രീതി. ജില്ലകളുടെ വീതം വയ്പും എ, ഐ അടിസ്ഥാനത്തിലാണ്. ഗ്രൂപ്പിന് അതീതമായി കെപിസിസിക്കും കോൺഗ്രസ് പാർലമെന്ററി പാർട്ടിക്കും പുതിയ നേതൃത്വം വന്നതിനാൽ പോഷക സംഘടനകളിൽ ഗ്രൂപ്പ് നോക്കേണ്ടതില്ലെന്ന വാദം ഗ്രൂപ്പ് ഭേദമെന്യേ ഉണ്ട്. എന്നാൽ ഈ നീക്കത്തിനു ഗ്രൂപ്പ് മാനേജർമാർ വഴങ്ങുന്നില്ല. ഗ്രൂപ്പിന് അതീതമായ നിയമനം എന്ന പേരിൽ പുതിയ ഗ്രൂപ്പ് കൊണ്ടുവരാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.
∙ മങ്ങിയും തെളിഞ്ഞും സാധ്യതകൾ
ഗ്രൂപ്പ് ചർച്ചകൾ ഒരു വശത്തു നടക്കുമ്പോൾ, നിലവിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽനിന്നും ജില്ലാ പ്രസിഡന്റുമാരിൽനിന്നും പുതിയ കമ്മിറ്റിക്കു വേണ്ടിയുള്ള അഭിപ്രായം തേടാനാണു വി.ടി.ബൽറാം ലക്ഷ്യമിടുന്നതെന്നാണു വിവരം. എന്നാൽ, വിവിധ കാരണങ്ങളാൽ ഈ ആശയവിനിമയം നീണ്ടുപോവുകയാണ്. സ്ഥാനമൊഴിയുന്ന കമ്മിറ്റിക്ക് ഔദ്യോഗികമായി യാത്രയയപ്പു നൽകുകയെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന കമ്മിറ്റിയുടെ യോഗം നിശ്ചയിച്ചെങ്കിലും മാറ്റിവച്ചു. നിലവിലെ 37 അംഗ സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് കെ.എം.അഭിജിത്ത്, സെക്രട്ടറിമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ എന്നീ മൂന്നു പേർ മാത്രമാണ് കെഎസ്‍യുവിലെ പ്രായപരിധി(27)ക്കുള്ളിൽ വരുന്നവർ.
അഭിജിത് തുടരുന്നില്ലെങ്കിൽ പകരം എ ഗ്രൂപ്പിനു മുൻപിലുള്ളത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിതിൻ പുതിയിടം, വയനാട് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ പേരുകളാണ്. വിവാഹിതരായവരെ ഭാരവാഹിത്വത്തിൽ പരിഗണിക്കരുത് എന്ന തീരുമാനം നടപ്പായാൽ നിതിൻ പുതിയിടത്തിന്റെ സാധ്യത മങ്ങും. അമൽ ജോയ് വയനാട് ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്.
അലോഷ്യസ് സേവ്യർ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന നേതാവല്ല. ഗ്രൂപ്പിൽ ഇവരുടെ ഈ പ്രതികൂല ഘടകങ്ങളാണ് കെ.എം.അഭിജിത്തിന് ഒരു ടേം കൂടി നൽകാമെന്ന ചിന്തയ്ക്ക് എ ഗ്രൂപ്പിൽ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പിനു പുറത്തുപോകാതെ നോക്കാനുള്ള ശ്രമമാണു നടക്കുന്നത്. കെ.സുധാകരന്റെ ജില്ലയായ കണ്ണൂരിലെ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പേര് സുധാകരനൊപ്പമുള്ളവർ ഉയർത്തിക്കാണിക്കുന്നുണ്ട്. റിജിൽ മാക്കുറ്റിക്കു ശേഷം സുധാകര പക്ഷത്തുനിന്നൊരാൾ കെഎസ്‍യു സംസ്ഥാന നേതൃത്വത്തിലേക്കു വന്നിട്ടില്ല. എന്നാൽ സുധാകരന്റെ അനുയായി എന്നതു അനുകൂലമെന്നതുപോലെ പ്രതികൂല ഘടകവുമാണ്. സുധാകരന്റെ ഗ്രൂപ്പ് പ്രവർത്തനമായി ഇതു വ്യാഖ്യാനിക്കപ്പെടാം.
∙ കമ്മിറ്റിയുടെ ഘടന മാറും
പുനഃസംഘടന എപ്പോൾ നടന്നാലും പഴയ കമ്മിറ്റിയുടെ ഘടനയാകില്ല ഇനി വരുന്ന കമ്മിറ്റിക്ക്. അക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. നിലവിലുള്ളത് പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരുമടങ്ങുന്ന 37 അംഗ സംസ്ഥാന കമ്മിറ്റിയാണ്. ഇതിനു പുറമേ ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി വരും.
പുതിയ സംസ്ഥാന ഭാരവാഹികൾ പ്രസിഡന്റ് ഉൾപ്പെടെ 21 പേരാകും. അഞ്ചു വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരുമുണ്ടാകും. സെക്രട്ടറിമാർ പുതിയ കമ്മിറ്റിക്കുണ്ടാകില്ല. ഭാരവാഹികളിൽ അഞ്ചുപേർ വനിതകളാകും. ഇതിനൊപ്പം കെപിസിസി മാതൃകയിൽ 20 അംഗ നിർവാഹക സമിതിയുമുണ്ടാകും. എൻഎസ്‍യു നിർദേശിച്ച മാതൃകയിലുള്ള തിരഞ്ഞെടുപ്പു രീതിയും കെഎസ്‍യു ഉപേക്ഷിക്കുകയാണ്. നാമനിർദേശത്തിലൂടെ മതി പുതിയ ഭാരവാഹികളെന്നാണു തീരുമാനം.
∙ ചലനാത്മക നേതൃത്വത്തിനായി ആവശ്യം
പാർട്ടി പ്രതിപക്ഷത്തിരിക്കേ എക്കാലവും കോൺഗ്രസിന്റെ കുന്തമുനയായിരുന്നു കെഎസ്‍യു. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ ഭരണം മുതലിങ്ങോട്ട് ആ നിലയ്ക്കു സജീവമല്ല കെഎസ്‍യു. പ്രതിപക്ഷ വിദ്യാർഥി സംഘടനയെന്ന നിലയിൽ വലിയ സമരങ്ങളൊന്നും ഏറ്റെടുത്തു വിജയിപ്പിക്കാനായില്ല. താഴേത്തട്ടിലടക്കം നിർജീവമായതു കോളജ് യൂണിറ്റുകളിലെ പ്രവർത്തനത്തെ ബാധിച്ചു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഇതു വലിയ തിരിച്ചടിക്കു കാരണമായി. സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണം മുടങ്ങിയതിനാൽ ആശയപ്രചാരണവും നടക്കുന്നില്ല.
ഇതൊന്നും നേതൃത്വത്തിൽ ആരെങ്കിലുമൊരാളുടെ കുറ്റമായി ആരോപിക്കുന്നില്ലെങ്കിലും സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ള പുതിയ നേതൃനിര എത്രയും വേഗം രൂപീകരിക്കണമെന്നു ഗ്രൂപ്പ് ഭേദമെന്യേ പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇതിനു മുൻപുണ്ടായിരുന്ന കമ്മിറ്റി നാലു വർഷമായിട്ടും പുനഃസംഘടിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു രണ്ടു ജില്ലാ പ്രസിഡന്റുമാർ അന്നു രാജിവച്ചിരുന്നു. തുടർന്നാണു ദേശീയ നേതൃത്വം ഇടപെട്ടു പഴയ കമ്മിറ്റിയെ പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും ചെയ്തത്. ഇത്തരത്തിൽ വന്ന കമ്മിറ്റിയാണ് ഇപ്പോൾ അഞ്ചു വർഷം പൂർത്തിയാക്കിയത്.
English Summary: KSU revamp: New challenge for Congress in Kerala