ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിലെ നയപ്രഖ്യാപനത്തിന് അംഗീകാരം നൽകാതെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കോളമെത്തിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് ബാലിശ നടപടിയെന്ന് മുൻമന്ത്രി എ.കെ.ബാലന്‍. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലാണ് ഗവർണറുടെ സ്വഭാവമെന്നും മുൻപ് കേക്കുമായി ചെന്ന് കണ്ട് താൻ ഇത്തരം ഒരു സാഹചര്യം പരിഹരിച്ചതാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണണമെന്നതും ഫോൺ ചെയ്യണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായി മാത്രം കണ്ടാൽ മതിയെന്നും ഭരണ പ്രതിസന്ധി ഉണ്ടാകുമെന്ന പ്രതിപക്ഷ ആഗ്രഹം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശുപാർശയ്ക്കെതിരെ വിയോജനക്കുറിപ്പെഴുതിയ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ സർക്കാർ സ്ഥലം മാറ്റിയതിനെത്തുടർന്നാണ് അനിശ്ചിതത്വത്തിനൊടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്.

ഗവർണറുടെ അഡീഷനൽ പിഎ ആയി ബിജെപി നേതാവ് ഹരി എസ്.കർത്തായെ നിയമിച്ച് ഉത്തരവ് ഇറക്കിയതിനൊപ്പം പൊതുഭരണ (ജിഎഡി) പ്രിൻസിപ്പൽ സെക്രട്ടറി വിയോജനക്കുറിപ്പ് നൽകിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. നയപ്രഖ്യാപനം കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭ അംഗീകരിച്ച് രാജ്ഭവനിലേക്ക് അയച്ചെങ്കിലും ഗവർണർ ഒപ്പു വച്ചിരുന്നില്ല. ചൊവ്വാഴ്ച അഡീഷനൽ ചീഫ് സെക്രട്ടറി ആർ.െക.സിങ് സന്ദർശിച്ചപ്പോൾ താൻ ഒപ്പു വയ്ക്കില്ലെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപനത്തിനു ക്ഷണിക്കാൻ സ്പീക്കർ എം.ബി.രാജേഷ് ബുധനാഴ്ച സന്ദർശിച്ചപ്പോഴും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു.

ഇന്നലെ രാവിലെ വരെ നയപ്രഖ്യാപനം അംഗീകരിക്കാതായതോടെ സർക്കാർ വൃത്തങ്ങൾ രാജ്ഭവനുമായി ബന്ധപ്പെട്ടു. ഗവർണർ ഒപ്പിടില്ലെന്നായിരുന്നു മറുപടി. ഇതിനിടെ എകെജി സെന്ററിൽ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മുഖ്യമന്ത്രി രാജ്ഭവനിലെത്തി 20 മിനിറ്റ് ചർച്ച നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. തിരികെ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി സിപിഎം നേതാക്കളുമായി ചർച്ച നടത്തി. തുടർന്നാണ് ജ്യോതിലാലിനെ മാറ്റാൻ തീരുമാനിച്ചത്. ജ്യോതിലാലിനെ മാറ്റിയ വിവരം ചീഫ് സെക്രട്ടറി വി.പി.ജോയ് രാജ്ഭവനിലെത്തി ഗവർണറെ നേരിട്ട് അറിയിച്ചു. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം സംബന്ധിച്ചു ഗവർണർ ഉന്നയിച്ച പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നു മുഖ്യമന്ത്രി, ഗവർണറെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്നാണ് അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പു വയ്ക്കാൻ തയാറായത്.

English Summary: AK Balan slams Kerala Governor over Pressure Tactics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com