ADVERTISEMENT

 ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ടിങ് ശതമാനത്തിലൂന്നി സംസ്ഥാനത്ത് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. ജനവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന് രാഷ്ട്രീയ കക്ഷികൾ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഉയർന്ന വോട്ടിങ് ശതമാനം ഏതു തരത്തിൽ പ്രതിഫലിക്കുമെന്ന ആകാംക്ഷയും നിലനിൽക്കുന്നു. തുടർച്ചയായ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ഉയർന്ന പോളിങ് രേഖപ്പെടുത്തുന്നത്. അതേസമയം 2017, 2012 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ നേരിയ തോതിൽ വോട്ടിങ് ശതമാനം താഴുകയാണുണ്ടായത്. ഇത്തവണ 79 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് 2017 ൽ 82.56 %, 2012 ൽ 82.94 % എന്നിങ്ങനെയായിരുന്നു പോളിങ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടമെങ്കിൽ ഇത്തവണ ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും സർവസന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ 6.3 % വോട്ടാണ് എഎപി നേടിയത്. വോട്ടെണ്ണത്തിലെ നേരിയ വ്യതിയാനം പോലും നിർണായകമാകുന്ന ഗോവയിൽ എഎപി ഉൾപ്പെടെയുള്ള കക്ഷികൾ സ്വന്തമാക്കുന്ന വോട്ടുകൾ ജയപരാജയങ്ങളെ സ്വാധീനിക്കും.

ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും പ്രതിപക്ഷ കക്ഷികൾക്കിടയിൽ വോട്ട് ഭിന്നിക്കുന്നത് ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു. അതേസമയം, ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളും തങ്ങൾക്ക് അനുകൂലമായി മാറുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ അ‍ഞ്ചു വർഷം സംസ്ഥാനത്ത് നടത്തിയ പ്രവർത്തനം ഫലം കാണുമെന്ന് എഎപി പ്രത്യാശ പ്രകടിപ്പിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്.

goa-election-voting-1

അന്തരിച്ച ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ഉൾപ്പെടെയുള്ള വിമത സ്ഥാനാർഥികൾ നേടുന്ന വോട്ടുകൾ അതത് മണ്ഡലങ്ങളിലെ ജയപരാജയങ്ങളിൽ നിർണായകമാണ്. പ്രമുഖ നേതാക്കളുടെ കൂടുമാറ്റവും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചേക്കാം. ന്യൂനപക്ഷ വിഭാഗങ്ങൾക്കു കാര്യമായ വേരോട്ടമുള്ള ഗോവയിൽ അവരുടെ നിലപാടും പ്രധാനമാണ്. കഴിഞ്ഞ തവണ പാർട്ടിക്കു ലഭിച്ച ന്യൂനപക്ഷ വോട്ടുവിഹിതത്തിൽ കുറവുണ്ടായേക്കാമെന്ന നിഗമനത്തിൽ ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ബിജെപി ശ്രമങ്ങൾ നടത്തിയിരുന്നു.

മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ഈ തിരഞ്ഞെടുപ്പു ഫലം നിർണായകമാണ്. മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്ന്, മുതിർന്ന നേതാക്കളെ പലരെയും മറികടന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോദ് സാവന്തിനു നറുക്കുവീണത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാനും സംസ്ഥാന നേതൃത്വത്തിൽ കൂടുതൽ ശക്തിയാർജിക്കാനും സാവന്തിന് തുടർഭരണം അനിവാര്യമാണ്.

ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത, കഴിഞ്ഞ തവണത്തേതിനു സമാനമായ സാഹചര്യമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാൽ കഴിഞ്ഞ തവണത്തേതിനു സമാനമായി ബിജെപി മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതയ്ക്കാണ് മുൻതൂക്കം. കഴിഞ്ഞ തവണ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 13 സീറ്റു മാത്രം നേടിയ ബിജെപിയാണ് പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് ഭരണത്തിലേറിയത്. 

തിരഞ്ഞെടുപ്പുഫലം വന്ന ശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് എന്നിവ ഒഴികെയുള്ള പ്രധാന പാർട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത് കോൺഗ്രസിന് ആശ്വാസം പകരുന്നുണ്ട്. 

English Summary: Goa assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com