രാഹുൽ ഗാന്ധിയുടെ കുടുംബം മണിപ്പുരിനെ ഉപയോഗിച്ചത് എടിഎം പോലെ : സ്മൃതി ഇറാനി
Mail This Article
ഇംഫാൽ ∙ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിനെ എടിഎം പോലെയാണ് രാഹുൽ ഗാന്ധിയുടെ കുടുംബം ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് സർക്കാർ മണിപ്പുരിനോട് വലിയ അനീതിയാണ് കാണിച്ചത്. ഗാന്ധി കുടുംബത്തിന്റേത് സ്വാർഥ രാഷ്ട്രീയമാണെന്നും മണിപ്പുരിൽ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു.
സംസ്ഥാനത്ത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് നിങ്ങളുടെ ഭാവി രൂപപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്നും സ്മൃതി ഇറാനി ചോദിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിക്കുകയും 11 കോടി കർഷകർക്ക് വർഷംതോറും 6,000 രൂപ വീതം നൽകിയെന്നും സ്മൃതി ഇറാനി പറഞ്ഞു. മണിപ്പുരിൽ വീണ്ടും അധികാരത്തിൽ എത്തിയാൽ കർഷകർക്ക് 2000 വീതം അധികം നൽകുമെന്നും സ്റ്റാർട്ടപ്പുകൾക്കായി 100 കോടിയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
സംസ്ഥാനത്ത് അഭിവൃദ്ധി കൊണ്ടുവരാനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുവാനും ബിജെപിക്കു മാത്രമേ കഴിയൂ. ഫെബ്രുവരി 28ന് ശേഷം മണിപ്പുരില്‍ ബിജെപി ആദ്യ എയിംസ് കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പെൺകുട്ടികൾ മണിപ്പുരിന്റെ അഭിമാനമാണ്. അവർക്ക് പഠനത്തിനായി ഞങ്ങൾ സ്കൂട്ടിയും ലാപ്ടോപ്പും നൽകും.” സ്മൃതി ഇറാനി പറഞ്ഞു.
English Summary: Rahul Gandhi's family used Manipur as ATM: Smriti Irani