ADVERTISEMENT

കൊച്ചി ∙ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ, സാമൂഹികാഘാത പഠനം എന്നിവയെ പറ്റിയുള്ള ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഇതുസംബന്ധിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. സർവേ നടത്തുന്നതു സാമൂഹികാഘാത പഠനത്തെ സഹായിക്കാനാണെന്നാണു സർക്കാർ നിലപാട്. ഡിവിഷൻ ബെഞ്ചിന്റെ ഈമാസം 14ലെ ഉത്തരവിൽ വിശദമായി സാമൂഹികാഘാത പഠനത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഒരു കൂട്ടം ഹർജികളിൽ, ഹർജിക്കാരുടെ ഭൂമിയിൽ ആരംഭിച്ച സർവേ നടപടികൾ മരവിപ്പിച്ച സിംഗിൾ ബെഞ്ചിന്റെ ജനുവരി 20ലെ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിയമവശങ്ങൾ പരിശോധിച്ചത്.

സാമൂഹികാഘാത പഠനം നടത്താനായി കേരള സർവേ ആൻഡ് ബൗണ്ടറീസ് നിയമം 1961 പ്രകാരമുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികളാണു സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കുന്ന ഫെബ്രുവരി ഏഴുവരെ മരവിപ്പിച്ചത്. സർവേ നടത്താനും ഉചിതമായ രീതിയിൽ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സർക്കാരിനു മതിയായ അധികാരമുണ്ടെന്നു വിലയിരുത്തിയാണു ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെട്ടത്.

സാമൂഹികാഘാത പഠനത്തെക്കുറിച്ച് ഡിവിഷൻ ബെഞ്ച്

സാമൂഹികാഘാത പഠനം, അതിനുശേഷമുള്ള തുടർ നടപടികൾ, വിജ്ഞാപനം, ഭൂമി ഏറ്റെടുക്കൽ എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകളിലെ വ്യക്തമായ വ്യത്യാസം ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ നൽകുന്നുണ്ട്. സാമൂഹികാഘാത പഠനം നടത്താൻ പാലിക്കേണ്ട കാര്യങ്ങൾ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. സർക്കാർ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് അവബോധം ലഭിക്കുന്നതിനായിട്ടാണിത്. പൊതുലക്ഷ്യം, ബാധിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ, പദ്ധതിമൂലം ഒഴിപ്പിക്കേണ്ട കുടുംബങ്ങൾ, എടുക്കുന്ന ഭൂമിയുടെ അളവ്, പൊതു സ്വകാര്യ സ്ഥലങ്ങൾ, സെറ്റിൽമെന്റുകൾ, നിർദിഷ്ട ഭൂമി ഏറ്റെടുക്കൽമൂലം ബാധിക്കുന്ന പൊതു സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകണം.

kerala-high-court
കേരള ഹൈക്കോടതി.

പൊതുജനങ്ങളുടെയും ഭൂഉടമകളുടെയും താൽപര്യ സംരക്ഷണത്തിനു സാമൂഹികാഘാത പഠനം ഉറപ്പാക്കാനാണു നിയമത്തിൽ നാലാം വകുപ്പിൽ ഇതുസംബന്ധിച്ച വ്യവസ്ഥകൾ ചേർത്തിരിക്കുന്നത്. ഈ പഠനം നടത്തിയശേഷം മാത്രമേ സംസ്ഥാന സർക്കാരിനു പദ്ധതിക്ക് ആവശ്യമായി എടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് തിരിച്ചറിയാനാവൂ. എങ്കിൽ മാത്രമേ, എടുക്കേണ്ട ഭൂമിയുടെ അളവ് അടക്കം പൊതുജനങ്ങളെ അറിയിക്കാനും വിഷയങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കൂ.

ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു പൊതു ലക്ഷ്യം, മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ചു പൊതുജനം, ഭൂഉടമകൾ എന്നിവരെ അറിയിക്കണമെങ്കിൽ കൃത്യമായ സാമൂഹികാഘാത പഠനത്തിനായി വ്യക്തമായ വസ്തുതകളും കണക്കുകളും സർക്കാരിന്റെ പക്കലുണ്ടാകണം. പബ്ലിക് ഹിയറിങ്ങിന്റെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ച് മതിയായ പരസ്യം നൽകിയശേഷം, ബാധിക്കുന്ന പ്രദേശങ്ങളിൽ ബാധിക്കുന്ന കുടുംബങ്ങളുടെ അഭിപ്രായം തിട്ടപ്പെടുത്താൻ പബ്ലിക് ഹിയറിങ് നടത്തണം. അത് രേഖപ്പെടുത്തണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നാലാം വകുപ്പിൽ പറയുന്നുണ്ട്. റിപ്പോർട്ട് സാമൂഹികാഘാത മാനേജ്മെന്റ് പദ്ധതിക്കൊപ്പം പ്രസിദ്ധീകരിക്കണമെന്നും പറയുന്നു.

'സാമൂഹികാഘാത പഠനം പൊള്ളയായ നടപടിയല്ല'

ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്ന കുടുംബങ്ങളുടെ ജീവിതോപാധി, പൊതുവായ സ്ഥലങ്ങൾ, സമ്പത്ത്, റോഡുകൾ, പബ്ലിക് ട്രാൻസ്പോർട്ട്, ഓടകൾ, സാനിറ്റേഷൻ, ശുദ്ധജല സ്രോതസ്സുകൾ, കന്നുകാലികൾക്കുള്ള വെള്ളം, മേച്ചിൽ സ്ഥലങ്ങൾ, പൊതു കുളങ്ങൾ, കൃഷി, പോസ്റ്റ് ഓഫിസ്, ന്യായവില കട, ഭക്ഷ്യ ഗോഡൗണുകൾ, വൈദ്യുതി വിതരണം, ആരോഗ്യ പരിചരണ സംവിധാനങ്ങൾ, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ, അങ്കണവാടികൾ, കുട്ടികളുടെ പാർക്കുകൾ, ആരാധനാലയങ്ങൾ, പരമ്പരാഗത ആദിവാസികളുടെ സ്ഥലങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവ സാമൂഹികാഘാത പഠനം നടത്തുമ്പോൾ ഉചിതമായി സർക്കാർ പരിഗണിക്കണമെന്നും നാലാം വകുപ്പിൽ പറയുന്നു.

silverline
സിൽവർലൈൻ പദ്ധതിക്കായി സ്ഥാപിച്ച സർവേകല്ലുകൾ. ചിത്രം: മനോരമ

ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ചും ബാധിക്കാൻ സാധ്യതയുള്ള പൊതു സ്വകാര്യ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും പൊതുജനങ്ങൾക്കും ഭൂ ഉടമകൾക്കും കൃത്യമായതും വ്യക്തമായതുമായ ചിത്രം ലഭിക്കുന്നെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹികാഘാത പഠനം പൊള്ളയായ ഒരു നടപടിയല്ല, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചു തങ്ങളെ ബാധിക്കുന്ന കാര്യങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്. സാമൂഹികാഘാത പഠനവും സാമൂഹികാഘാത മാനേജ്മെന്റ് പ്ലാനും വിദഗ്ധ ഗ്രൂപ്പ് വിലയിരുത്തേണ്ടതുമുണ്ട്.

സാമൂഹികാഘാത പഠനം നിയമത്തിന്റെ നാലാം വകുപ്പിൽ പറയുന്ന വിജ്ഞാപനം, ഭൂമി ഏറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽനിന്നു സ്വതന്ത്രമാണ്. ഉചിതമായ സർക്കാർ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ മാത്രമേ, ഭൂമി ഏറ്റെടുക്കലിനായി വിജ്ഞാപനം ഔദ്യോഗിക ഗസറ്റിലും പ്രദേശത്തു പ്രചാരണമുള്ള രണ്ട് ദിനപത്രങ്ങളിലും പ്രസിദ്ധപ്പെടുത്തേണ്ടതുള്ളൂ.

ഭൂമി ഏറ്റെടുക്കൽ നിയമം 2013 പ്രകാരം പൊതുജനങ്ങളുടെ അവബോധത്തിന് അടക്കമുള്ള കാര്യങ്ങൾക്കായി സർക്കാർ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോയാലുണ്ടാകുന്ന സാമൂഹികാഘാതം മനസ്സിലാക്കാനുള്ള ആദ്യ ഘട്ടത്തിലാണ് സർക്കാർ. വിജ്ഞാപനം, ഭൂമി ഏറ്റെടുക്കൽ, പ്രാഥമിക വിജ്ഞാപനം പ്രസിദ്ധപ്പെടുത്തൽ തുടങ്ങിയവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ 2013ലെ നിയമത്തിലെ 11,12 വകുപ്പുകളിലെ വ്യവസ്ഥകൾ ഈ ഘട്ടത്തിൽ ബാധകമാണെന്നു പറയാനാവില്ല.‌

silverline

ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് ഈ വ്യവസ്ഥകൾ ബാധകം. അതിനാൽ ഇവ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട് ആശ്രയിക്കാനാവില്ല. ഇതുസംബന്ധിച്ചുള്ള ഹർജിക്കാരുടെ ആശങ്കകൾ അകാലത്തുള്ളതാണ്. ഹർജികളിലെ വിഷയത്തെ ബാധിക്കുന്നതല്ല. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുള്ള മാഹിയിലൂടെ പാത കടന്നുപോകുന്നുണ്ടെന്നു ഹർജിക്കാർ പറയുന്നു. അതിനാൽ ഉചിത സർക്കാർ കേന്ദ്രസർക്കാരാണ് എന്നാണ് വാദം. എന്നാൽ പുതുച്ചേരിക്കുള്ളിലെ സ്ഥലം പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ അറിയിച്ചത്. കേന്ദ്രസർക്കാരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

കോടതിയിലെ വാദപ്രതിവാദങ്ങൾ

കെ റെയിൽ എന്നു രേഖപ്പെടുത്തിയ സർവേ കുറ്റികൾ സ്ഥാപിക്കുന്നതും സിംഗിൾ ബെഞ്ചിൽ കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമം 2013 പ്രകാരമുള്ള നടപടികൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കൽ എന്ന പേരിൽ തങ്ങളുടെ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമമാണു നടത്തുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. കേരള സർവേ ആൻഡ് ബൗണ്ടറീസ് ചട്ട പ്രകാരമുള്ള സർവേ അടയാളങ്ങളാണു സ്ഥാപിക്കേണ്ടതെന്നും ഹർജിക്കാർ അറിയിച്ചു.

pinarayi-k-rail
കെ റെയിൽ വിശദീകരണയോഗത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.

ഡിപിആർ, റെയിൽവേ ബോർഡ് നൽകിയ തത്വത്തിലുള്ള അനുമതി എന്നിവയുടെ അടിസ്ഥാനത്തിലാണു സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലെ തീരുമാനത്തിലെത്തിയത്. ഡിപിആറിൽ സർക്കാർ പദ്ധതി ചെലവും എടുക്കുന്ന ഭൂമിയുടെ അളവും മറ്റു വസ്തുതകളുമാണു കണക്കാക്കുന്നത്. അടിസ്ഥാനപരമായ ആവശ്യങ്ങൾ മനസ്സിലാക്കാനും മറ്റും സർവേ, സർവേ കുറ്റികൾ ഇടുക തുടങ്ങിയ കാര്യങ്ങൾ ആവശ്യമില്ലെന്നും ഹർജിക്കാർ അറിയിച്ചിരുന്നു.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമാണു ബാധകമെന്നും ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു മുന്നോട്ടു പോകുന്ന ഘട്ടത്തിൽ മാത്രമേ, സർവേയുമായി മൂന്നോട്ടു പോകാനാവൂയെന്നും സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരം സാധ്യമല്ലെന്നും ഹർജിക്കാർ വാദിച്ചു. സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാൻ ഉചിതമായ അതോറിറ്റി സംസ്ഥാന സർക്കാർ അല്ലെന്നുമായിരുന്നു മറ്റൊരു വാദം. റെയിൽവേ നിയമം 1989ന്റെ 20 എ വകുപ്പ് പ്രകാരം കേന്ദ്രസർക്കാരിനു മാത്രമാണു പ്രത്യേക റെയിൽവേ പദ്ധതിയെന്ന കാരണത്താൽ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ അധികാരമുള്ളൂ എന്നായിരുന്നു വാദം.

ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമമാണിതെന്ന ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ പറയുന്ന സാമൂഹികാഘാത പഠനത്തിനു (എസ്ഐഎ) വേണ്ടിയാണു സർവേ നടത്തുന്നത്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ സർവേ അടയാളങ്ങൾ സ്ഥാപിക്കുന്നത് കേരള സർവേ ആൻഡ് ബൗണ്ടറീസ് ചട്ടത്തിന് വിരുദ്ധമല്ല. ഈടുനിൽക്കുന്ന സർവേ മാർക്കുകൾ സ്ഥാപിക്കണമെന്നാണു ചട്ടത്തിൽ പറയുന്നത്. സർവേയുടെ യഥാർഥ ലക്ഷ്യവും സർവേ കുറ്റികൾ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യവും പരിഗണിക്കാതെയാണു സിംഗിൾ ബെഞ്ച് പൂർണമായും ഹർജിക്കാരുടെ ഭൂമിയിൽ സർവേ തടഞ്ഞത്.

ഇടക്കാല ഉത്തരവിൽ ഇടപെട്ടില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ ഗൗരവമായി ബാധിക്കുമെന്നും സർക്കാർ അറിയിച്ചു. പ്രത്യേക റെയിൽവേ പദ്ധതിക്കുവേണ്ടി മാത്രമാണു കേന്ദ്രസർക്കാരിനു വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. സെമി ഹൈ സ്പീഡ് റെയിൽ കോറിഡോർ പദ്ധതി ഒന്നിലേറെ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണു റെയിൽവേ നിയമത്തിന്റെ വ്യവസ്ഥകൾ ബാധകമാകൂയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഹർജികളും പശ്ചാത്തലവും

silverline

2021 ജൂൺ 11ന് ഭൂമി ഏറ്റെടുക്കലിനുള്ള തയാറെടുപ്പ് ജോലികളുമായി മുന്നോട്ടുപോകാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. തയാറെടുപ്പ് ജോലികളുടെ ഭാഗമായി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്താനും അത് വിലയിരുത്താനായി വിദഗ്ധ സമിതിയെ രൂപീകരിക്കാനും നിർദേശം നൽകി.

2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാനുള്ള സർക്കാർ ഉത്തരവിടുന്നത് റെയിൽവേ ബോർഡിൽനിന്ന് അന്തിമ അനുമതി ലഭിച്ച‌ശേഷം മാത്രമാകുമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് പദ്ധതിക്കായി സ്പെഷൽ ഡപ്യൂട്ടി കലക്ടർ ഓഫിസ്, 11 സ്പെഷൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഓഫിസുകളും അനുവദിച്ച് 2021 ഓഗസ്റ്റ് 18ന് ഉത്തരവിട്ടു.

955.13 ഹെക്ടർ ഭൂമി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വില്ലേജുകളിൽ ഏറ്റെടുക്കാനായി അനുമതിയും നൽകി. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിനുള്ള തീരുമാനം പുറപ്പെടുവിക്കൂയെന്ന് 2021 ഓഗസ്റ്റ് 18 ലെ ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. പിന്നീട് 1221 ഹെക്ടർ ഭൂമിയാക്കി ഉത്തരവിൽ ഭേദഗതി വരുത്തി ഒക്ടോബർ 30 ന് സർക്കാർ ഉത്തരവിറക്കി.

കേരള സർവേ ആൻഡ് ബൗണ്ടറീസ് നിയമം 1961 ന്റെ ആറാം വകുപ്പ് പ്രകാരമായിരുന്നു വിവിധ ജില്ലകളിൽ സർവേ നടത്താനായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഭൂമി ഏറ്റെടുക്കൽ നിയമം നാലാം വകുപ്പ് പ്രകാരം സാമൂഹികാഘാത പഠനം നടത്തുന്നതിനായാണു സർവേ നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓഗസ്റ്റ് 18ലെയും ഒക്ടോബർ 30ലെയും സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ആദ്യം ഹൈക്കോടതിയിൽ ഹർജികൾ എത്തിയത്. പിന്നാലെ കൂടുതൽ ഹർജികൾ ഫയൽ ചെയ്തു.

English Summary: Law Explainer on the Various aspects of Land Acquisition Arguments in Silverline Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com