ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിൽ ട്രാൻസ്ജെൻഡർ, ട്രാൻസ്‌സെക്‌ഷ്വൽ വിഭാഗത്തിനായി പ്രത്യേക നയം രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തിൽ പെട്ട നാലായിരത്തോളം പേർ മണിപ്പുരിൽ ഉണ്ടെന്നാണു സർക്കാർ കണക്കുകൾ എങ്കിലും വെറും 208 പേർക്കു മാത്രമാണ് ട്രാൻസ്ജെൻഡർ എന്ന നിലയിൽ വോട്ടവകാശം ഉള്ളത്. ഈ തവണത്തെ തിരഞ്ഞെടുപ്പിനെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി പ്രത്യേക ക്യൂ വേണമെന്നുള്ളതാണ് മണിപ്പുരിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രധാനപ്പെട്ട ആവശ്യം.

വോട്ടവകാശം ഉണ്ടെങ്കിലും സ്ത്രീ, പുരുഷൻ എന്നി നിലയിലാണു പലർക്കും കാർഡുകൾ നൽകിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ എന്ന നിലയിൽ തന്നെ വോട്ട‌ു രേഖപ്പെടുത്താൻ അവസരമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. അസംഘടിതരായ ഈ സമൂഹത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും സാമൂഹിക പ്രവർത്തക കൂടിയായ ശാന്ത ഖുറെയ് പറയുന്നു.

ഞങ്ങളെ ഇനിയെങ്കിലും അംഗീകരിക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പു വരുത്തണം. സർക്കാർ ജോലികളിലും ഞങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തണം. ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് നിലവിൽ ഉണ്ടെങ്കിലും രൂപരേഖയോ ചിട്ടയായ പ്രവർത്തനങ്ങളോ ഇല്ല. പലർക്കും വോട്ടവകാശം പോലും ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അമരത്തു വൈകാതെ ഞങ്ങളുണ്ടാകുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയ പാർട്ടികൾ ഞങ്ങളെ പരിഗണിക്കുന്നുണ്ടെന്നു പറയുന്നത് ആത്മാർഥതയോടെയാണെങ്കിൽ മത്സരിക്കാൻ സീറ്റ് തരികയാണു വേണ്ടത്. അധികാരം ഉണ്ടെങ്കിൽ പുരോഗതിയും ഉണ്ടാകുമെന്നും ശാന്ത ഖുറെയ് പറയുന്നു.

രാഷ്ട്രീയ പാർട്ടികൾ ഇത്രയും നാൾ ഞങ്ങൾക്കു നേരേ മുഖം തിരിക്കുകയാണു ചെയ്തത്. എണ്ണത്തിൽ വളരെ കുറവായതിനാൽ ഞങ്ങൾ വോട്ട് ബാങ്കല്ല എന്ന തിരിച്ചറിവായിരിക്കും കാരണമെന്നു സാമൂഹിക പ്രവർത്തക ബോനിത പെബാം പറയുന്നു. അടുത്ത സർക്കാർ എങ്കിലും  ട്രാൻസ്ജെൻഡർ വിഭാഗത്തിനു വേണ്ടി പ്രത്യേക നയം രൂപീകരിക്കാൻ തയാറാകണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ട്രാൻസ്ജെൻഡർ, ട്രാൻസ്‌സെക്‌ഷ്വൽ വിഭാഗത്തിനായി പ്രത്യേക സെൽ തുറക്കാൻ തയാറാകണം. അത്തരം ഒരു നീക്കം ഉണ്ടായാൽ തന്നെ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ബോനിത പറയുന്നു. 

മണിപ്പുരിൽ തനിച്ചു ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്ന ജനതാദൾ (യു) ആണ് ആദ്യമായി ട്രാൻസ്ജെൻഡർ, ട്രാൻസ്‌സെക്‌ഷ്വൽ വിഭാഗത്തിനായി നിലകൊള്ളുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ഏക പാർട്ടി. വേർതിരിച്ച് നിർത്തുകയോ ആട്ടിപ്പായിക്കുകയോ ചെയ്യാതെ ലൈംഗിക ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കേണ്ടത് അനിവാര്യമാണെന്നും അധികാരത്തിൽ എത്തിയാൽ ട്രാൻസ്ജെൻഡർ, ട്രാൻസ്‌സെക്‌ഷ്വൽ വിഭാഗത്തിനായി പ്രത്യേക നയം രൂപീകരിക്കുമെന്നുള്ളതാണ് ജെഡിയുവിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. 

സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തിയാൽ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) റദ്ദാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുമെന്നും യുവാക്കൾക്ക് പ്രതിവർഷം 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാർട്ടി പ്രതിജ്ഞയെടുത്തിരുന്നു. ജനക്ഷേമം, സ്ത്രീകളുടെ ഉന്നമനം, വികസന, ക്ഷേമപദ്ധതികൾ ഉൾകൊള്ളുന്നതായിരുന്നു ബിജെപി പ്രകടന പത്രിക. എന്നാൽ ഇരുപാർട്ടികളും ട്രാൻസ്ജെൻഡർ, ട്രാൻസ്‌സെക്‌ഷ്വൽ വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും ട്രാൻസ്ജെൻഡർ വിഭാഗം കുറ്റപ്പെടുത്തുന്നു. 

English Summary: Manipur polls: A question of identity for the transgender community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com