കുക്കി ഭീകരർക്കെതിരെ അമിത് ഷാ; പിന്നാലെ ബിജെപിക്കായി വോട്ട് തേടി നിരോധിത സംഘടന
Mail This Article
ഇംഫാൽ ∙ മണിപ്പുരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാർക്ക് കർശന നിർദേശം നൽകി നിരോധിത സംഘടനയായ കുക്കി നാഷനൽസ് ഓർഗനൈസേഷൻ (കെഎൻഒ). അധികാരത്തിലെത്തിയാൽ മണിപ്പുരിലെ കുക്കി ഭീകരതയ്ക്ക് അറുതി വരുത്തുമെന്നും മണിപ്പുരിൽനിന്ന് തുടച്ചു നീക്കുമെന്നും ചുരാചന്ദ്പുർ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചതിനു പിന്നാലെയാണ് സംഘടന ബിജെപിക്കു അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത്.
മണിപ്പുരിന്റെ ആഭ്യന്തര സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അസമിലെ ബോഡോ ഭീകരവാദം ഇല്ലാതാക്കിയ മാതൃകയിൽ മണിപ്പുരിലെ കുക്കി ഭീകരതയും ഇല്ലാതാക്കുമെന്നായിരുന്നു അമിത് ഷായുടെ വാഗ്ദാനം. ഒരു കുക്കി യുവാവും ഇനി ആയുധമെടുക്കേണ്ടി വരില്ലെന്നും അമിത് ഷാ പറഞ്ഞു. തൊട്ടുപിന്നാലെ കെഎൻഒ ബിജെപിക്കായി രംഗത്തെത്തിയത് പ്രതിപക്ഷം ആയുധമാക്കി.
മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പത്രക്കുറിപ്പിൽ കെഎൻഒ വ്യക്തമാക്കി. ഈ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ കുക്കി താത്പര്യങ്ങൾക്ക് എതിരു നിൽക്കുന്നവരാണ്. കുക്കികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ചർച്ചയാകാമെന്നും പരിഹാരം കാണമെന്നും ബിജെപി വാഗ്ദാനം ചെയ്തെന്നും കെഎൻഒ അവകാശപ്പെടുന്നു. കുക്കി വംശജർക്കു വേണ്ടി വ്യത്യസ്ത സംസ്ഥാനം വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നവരാണ് കുക്കി നാഷനൽസ് ഓർഗനൈസേഷൻ.
English Summary: Vote for BJP: Banned outfit KNO issues diktat ahead of Manipur polls