ADVERTISEMENT

ഗുവാഹത്തി∙ ബിജെപിക്കു തുടർഭരണം ലഭിച്ചാൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യശാലകൾ വ്യാപകമായി തുറക്കുമെന്ന മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ പ്രസ്താവനയെ രാഷ്ടീയ ആയുധമാക്കി കോൺഗ്രസ്. ഫെബ്രുവരി 28 ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന മണിപ്പുരിൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് എൻ. ബിരേൻ സിങ്ങിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

നിലവിൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. മണിപ്പുരിൽ 1991 ൽ കൊണ്ടുവന്ന സമ്പൂർണ മദ്യനിരോധനത്തിൽ നിന്ന് 2010 ൽ അഞ്ച് മലയോര ജില്ലകളെ ഒഴിവാക്കിയിരുന്നു. മണിപ്പുർ നിയമസഭയുടെ സെലക്ട് കമ്മിറ്റി 1991 ലെ മദ്യനിരോധന നിയമത്തിലെ ഭേദഗതിയ്ക്ക് അടുത്തിടെ അനുമതി നൽകിയിരുന്നു. 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണിപ്പുരിനെ അസ്ഥിരപ്പെടുത്തുമെന്നു മണിപ്പുരിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. മ്യാൻമറിൽ നിന്നുള്ള മയക്കുമരുന്നിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ മണിപ്പുരിനെ അശാന്തിയിലേക്കു തള്ളിവിടാൻ മത്സരിക്കുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച കിഴക്കൻ ഇംഫാലിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണു സംസ്ഥാനത്തു വിദേശമദ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്തുമെന്ന് ബിരേൻ സിങ് പറഞ്ഞത്. സംസ്ഥാനത്ത് അടിയന്തര പ്രാധാന്യമുള്ള ഒട്ടേറേ വിഷയങ്ങളിൽ മെല്ലപ്പോക്കു നയം പിന്തുടരുന്ന ബിജെപി സർക്കാരിന്റെ മദ്യനിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ബഹുജന പ്രക്ഷോഭം ഉയരണമെന്നും ജയറാം രമേശ് പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെല്ലാം വന്നുപോയി, ഇവിടുത്തെ വാക്സിനേഷൻ യജ്ഞം വർധിപ്പിക്കാൻ ചെറുവിരൽ പോലും അനക്കാൻ ആരും തയാറായില്ല. സംസ്ഥാനത്തെ ജനസംഖ്യയുടെ 48 ശതമാനം പേർക്കു മാത്രമേ രണ്ടുഡോസ് വാക്സീൻ ഇതുവരെ ലഭിച്ചിട്ടുള്ളുവെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ വഞ്ചിക്കാൻ ബിജെപി സർക്കാർ മത്സരിക്കുകയാണെന്നും ജയറാം രമേശ് പറയുന്നു. മണിപ്പുരിലെ സ്ത്രീകളെ അപമാനിക്കുന്നതാണു മുഖ്യന്ത്രിയുടെ പ്രസ്താവനയെന്നും പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

English Summary: Congress slams BJP promise to allow opening of liquor shops in Manipur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com