ADVERTISEMENT

കൊച്ചി∙ ‘അറ്റാക്ക്!..’ സഖാവ് കെ.സി. മാത്യുവിന്റെ നിർദേശത്തിനൊപ്പം ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് 17 പേരടങ്ങുന്ന സമരസംഘം ഇടിച്ചുകയറിയെത്തി ആക്രമണം അഴിച്ചു വിട്ടതിന്റെ ഓർമകൾക്ക് ഇന്ന് 72 വയസ്സ്. രണ്ടു പൊലീസുകാരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ സ്മരണയുമായി, കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായ പഴയ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ഇപ്പോഴുമുണ്ട്. മതിലിന്റെ ഒരു ഭാഗം ഇതിനകം ഇടിഞ്ഞു വീണിട്ടുമുണ്ട്.

ഇടക്കാലത്ത് നർകോട്ടിക് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ കാര്യാലയമായി പ്രവർത്തിച്ചെങ്കിലും ഇപ്പോൾ താഴിട്ടു പൂട്ടിയ നിലയിലാണ് കെട്ടിടം. സമീപത്തുള്ള ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ പാർക്കിങ്ങിന് ഉപയോഗിക്കുകയാണ് അതിന്റെ മുൻവശം. ഇതിനിടെ, സ്റ്റേഷനെ സ്മാരകമാക്കണമെന്ന ആവശ്യം പലകോണിൽനിന്നും ഉയർന്നിരുന്നു. പ്രഖ്യാപനങ്ങളും ഉണ്ടായെങ്കിലും അവ പതിവുപോലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണെന്നു മാത്രം. 

edappally-police-station
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ. ചിത്രം: മനോരമ

കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടി മറവിയിലേക്കു തള്ളിക്കളയാൻ ആഗ്രഹിക്കുന്ന ഒരേടുകൂടിയാണ് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം എന്നതും കെട്ടിടത്തിന്റെ ഇന്നത്തെ സാഹചര്യത്തിനു മതിയായ കാരണമാണ്. ഒരിടയ്ക്ക് ഇതു പൊളിച്ചു പണിയാൻ ആലോചിച്ചെങ്കിലും നടന്നില്ല. 17 പേർ പങ്കെടുത്ത ആക്രമണത്തിൽ 33 പേരെയാണു പിന്നീടു പൊലീസ് പ്രതിചേർത്തതും അറസ്റ്റു ചെയ്തു ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയതും. ഇതു പിന്നീട് ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്കു വളമായി മാറിയെന്നതു മറ്റൊരു ചരിത്രം. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തവരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ എം.എം. ലോറൻസ് മാത്രമാണ്. വാർധക്യ സഹജ രോഗങ്ങളാൽ അവശതയിലായ അദ്ദേഹത്തിനു പഴയ ഓർമകളിലേക്കു മടങ്ങാൻ തൽക്കാലം ആവതില്ല. 

ആക്രമണത്തെ പ്രതിരോധിച്ച രണ്ടു പൊലീസുകാരുടെ ജീവത്യാഗത്തിന്റെ കൂടി ചരിത്രമായാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം അറിയപ്പെടുന്നത്. അന്ന് ആക്രമണത്തിൽ മരിച്ച കോൺസ്റ്റബിൾ മാത്യുവിന്റെ മകൻ ജോസും കോൺസ്റ്റബിൾ വേലായുധന്റെ മകൾ റീത്തയും സ്മരണകളുമായി ഇന്നു കൊച്ചിയിൽ ഒത്തുചേരുന്നുണ്ട്. കൊച്ചി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഒത്തുചേരൽ.

edappally-police-station
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്റെ മുൻവശം. ചിത്രം: മനോരമ

1947 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർ തയാറായിരുന്നില്ല. പകരം, വിമോചനത്തിന് ആയുധമേന്താമെന്നായി പുതിയ നയം. അക്രമങ്ങൾക്ക് ഇരയാകുന്ന ഗ്രാമങ്ങളിലെ സഖാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട കൽക്കട്ട തീസിസ്. അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി.ടി. രണദിവെയുടെ നേതൃത്വത്തിലാണ് സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ ആഹ്വാനമുണ്ടായത്. ഇതിന്റെ ബാക്കിപത്രമായിരുന്നു ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിജയിക്കാതെ പോയ ആക്രണം. 

 നിലപാടു തിരുത്തി പാർട്ടി

നെഹ്‌റുവിനെ അംഗീകരിക്കുന്ന ജനറൽ സെക്രട്ടറി പി.സി. ജോഷിയെ തള്ളിയായിരുന്നു രണദിവെ പാർട്ടി സെക്രട്ടറി പദവിയിലേക്കെത്തിയത്. കേരളത്തിൽ പലയിടങ്ങളിലും അക്രമങ്ങൾ അരങ്ങേറിയപ്പോൾ പൊലീസ് അതിനെയെല്ലാം അടിച്ചമർത്തി. ഇടപ്പള്ളി സംഭവത്തിനും മാസങ്ങൾക്കു ശേഷം പാർട്ടി നിലപാടു തിരുത്തി. ഇന്ത്യപോലെ ഒരു രാജ്യത്ത് സായുധ വിപ്ലവം പ്രായോഗികമല്ലെന്ന നിലപാട് അംഗീകരിച്ച് 1950 മേയിൽ രണദിവെയെ തള്ളി തെലങ്കാന സമരനേതാവായിരുന്ന സി. രാജേശ്വര റാവുവിന്റെ നേതൃത്വത്തിൽ പുതിയ കേന്ദ്രക്കമ്മിറ്റി നിലവിൽ വരികയായിരുന്നു. 

edappally-ps
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്റെ മുൻവശം. ചിത്രം: മനോരമ

1950 ഫെബ്രുവരി 28ന് ദേശീയ തലത്തിൽ പ്രഖ്യാപിക്കപ്പെട്ട റെയിൽവേ പണിമുടക്ക് വിജയിപ്പിക്കുന്നതിനായിരുന്നു എം.എം. ലോറൻസ് ഉൾപ്പെടെയുള്ളവർ ഇടപ്പള്ളിയിൽ ഒത്തുകൂടിയത്. രണ്ടു സഖാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അവരെ മോചിപ്പിക്കണമെന്നും ഇടപ്പള്ളിയിൽ ചേർന്ന യോഗത്തിനു നേതൃത്വം നൽകിയ കെ.സി. മാത്യു പ്രഖ്യാപിച്ചു. ഇതു ശരിയല്ലെന്നു തോന്നിയിട്ടും എതിർക്കാതിരുന്നത്, പേടിച്ചിട്ടാണെന്നു പറയാതിരിക്കാനായിരുന്നു എന്നാണ്  ആക്രണമത്തെക്കുറിച്ച് പിന്നീട് എം.എം. ലോറൻസ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം അന്ന് ആക്രമണത്തിന് ഒപ്പമുണ്ടായിരുന്ന വിശ്വനാഥ മേനോനോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

പുലർച്ചെ രണ്ടു മണിക്കു ജാഥയായാണ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയിട്ടത്. മാത്യു അറ്റാക്ക് പറഞ്ഞാൽ ആക്രമണം, റിട്രീറ്റ് പറഞ്ഞാൽ പിൻവാങ്ങൽ. ഇതാണു പദ്ധതി. അറ്റാക്ക് കേട്ടതും സഖാക്കൾ സ്റ്റേഷനിലേക്കു പാഞ്ഞു കയറി. തയാറാക്കി കൊണ്ടുവന്ന കൈബോംബ് പ്രയോഗിച്ചെങ്കിലും പൊട്ടിയില്ല. ഒരു പൊലീസുകാരന്റെ ബയണറ്റു കൊണ്ടുള്ള കുത്തേറ്റ് ഒരു സഖാവിനു പരുക്കേറ്റു. ഇതിനിടെ ചിലർ ആ പൊലീസുകാരനെ അടിച്ചിട്ടു. മറ്റൊരു പൊലീസുകാരനും തല്ലുകൊണ്ടു വീണു. ബാക്കിയുള്ള പൊലീസുകാർ ഓടി രക്ഷപ്പെട്ടു. തല്ലുകൊണ്ടു വീണ രണ്ടു കോൺസ്റ്റബിൾമാരെയും ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ബഹളം കേട്ട് നോക്കിയെങ്കിലും എന്തോ പ്രശ്നമാണെന്നു കണ്ടു പിൻവാങ്ങി. എത്ര ശ്രമിച്ചിട്ടും സമരക്കാർ വിചാരിച്ചതു പോലെ ലോക്കപ്പ് തുറക്കാനോ അതിലുള്ളവരെ രക്ഷപ്പെടുത്താനോ സാധിച്ചില്ല. അപ്പോഴേയ്ക്കും നേരം വെളുത്തിരുന്നു. 

 അറസ്റ്റിലായവർക്കു നേരിടേണ്ടി വന്നതു ക്രൂര മർദനം

17 പേർ പങ്കെടുത്ത പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ ആദ്യം അറസ്റ്റിലായത് സംഭവം അറിഞ്ഞിട്ടു പോലുമില്ലാത്ത പയ്യപ്പള്ളി ബാലനും കെ. രാജനുമെല്ലാം. അറസ്റ്റിലായവർക്കു നേരിടേണ്ടി വന്നതു ക്രൂര മർദനം. സ്റ്റേഷൻ ആക്രമണത്തിനു ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും നിരവധിപ്പേരെ ഹാജരാക്കി പൊലീസ്. എല്ലാം കള്ളസാക്ഷികൾ. അറസ്റ്റിലായവരിൽ ഏറെയും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ലാത്തവർ. അതുകൊണ്ടു തന്നെ ശിക്ഷിക്കപ്പെട്ടതും നിരപരാധികൾ. ഒടുവിൽ പൊലീസിന്റെ മൊഴി രേഖപ്പെടുത്തലിൽ വന്ന പാകപ്പിഴകളുടെ സാധ്യതകൾ മുതലെടുത്ത് മികച്ച അഭിഭാഷകർ സുപ്രീം കോടതി വരെ പോയാണ് ലോറൻസ് ഉൾപ്പടെയുള്ളവർ ജയിൽ മോചിതരായതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

mm-lawrence
എം.എം.ലോറൻസ്. ഫയൽ ചിത്രം: മനോരമ

ഇത്തവണ പാർട്ടി കോൺഗ്രസ് നടക്കുന്നതിനു മുന്നോടിയായി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ എം.എം. ലോറൻസിനെ സന്ദർശിക്കാൻ എത്തിയിരുന്നു. സമ്മേളനത്തിൽ ജില്ലയുടെ ഏറ്റവും മുതിർന്ന സാന്നിധ്യമായി ലോറൻസ് ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. പിതാവ് കഴിഞ്ഞ ദിവസവും ആവേശത്തോടെ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും അഞ്ചു ദിവസം മുമ്പ് ആശുപത്രിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ആരോഗ്യം കൂടുതൽ ക്ഷയിച്ച അവസ്ഥയിലാണെന്ന് ലോറൻസിന്റെ മകൾ സുജാത മനോരമ ഓൺലൈനോടു പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമപ്പുസ്തകം ‘പറഞ്ഞതും പറയാത്തതും’ സമ്മേളന നഗരിയിൽ പ്രകാശനം ചെയ്യുന്നുണ്ട്. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിന്റെ ഓർമദിനത്തിന്റെ തൊട്ടടുത്ത നാൾ തന്നെ സിപിഎം സംസ്ഥാന സമ്മേളനം മൂന്നു പതിറ്റാണ്ടിനു ശേഷം എറണാകുളത്തു തുടങ്ങുന്നു എന്നതു കൗതുകകരമായ യാദൃച്ഛികതയാണ്.

English Summary: 72 Years of Edappally Police Station Attack; A Detailed Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com