ADVERTISEMENT

ഇംഫാൽ∙ രാജ്യത്തെ മുൻനിര ആശുപത്രിയും വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മണിപ്പുരിൽ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരതിന്റെ ഭാഗമായാകും മണിപ്പുരിൽ എയിംസ് സ്ഥാപിക്കുക. മാർച്ച് 5ന് രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന മണിപ്പുരിൽ വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡൽഹി ആസ്ഥാനമായ എയിംസ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 19 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.  ഘട്ടംഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനമല്ല, മണിപ്പുരിന്റെ സമ്പത്ത് കൊള്ളയടിക്കാനാണ് കോൺഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. മണിപ്പുർ കായിക സർവകലാശാല നിർമാണവുമായി ഞങ്ങൾ മുന്നോട്ടു പോകുകയാണ്. രാജ്യത്തെ റെയിൽപ്പാതകളുമായി മണിപ്പുരിനെ ബന്ധിപ്പിക്കും.

മ്യാൻമറുമായും തായ്‌ലൻഡുമായുമുള്ള ഹൈവേകളുമായി ബന്ധപ്പെടുത്തുന്നതോടെ മണിപ്പുർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന കവാടമായി മാറും. കുന്നുകളും താഴ്‌വരയും എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്ന മണിപ്പുരിനെ ഐക്യത്തിലേക്കും വികസനത്തിലേക്കും നയിച്ചത് ബിജെപിയാണ്. കുന്നുകളിലേക്കും താഴ്‌വരകളിലേക്കും ഒരേ പോലെ വികസനം എത്തിക്കാനാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്. 

മണിപ്പുർ വികസനത്തിൽ ഇടം നേടിയാൽ വിഭജന രാഷ്ട്രീയം വിലപ്പോകില്ലെന്ന് കോൺഗ്രസിന് അറിയാം. മണിപ്പുർ വികസനത്തിലേക്കു കുതിക്കുന്നതോടെ കോൺഗ്രസ് പൂർണമായും അസ്ഥിരപ്പെടും. ഫെബ്രുവരി 28ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് ഉണ്ടായത്. ഉയർന്ന ഭൂരിപക്ഷം ബിജെപിയുടെ വൻ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിലും മണിപ്പുർ വികസനത്തിനു വോട്ടുചെയ്യും. ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു നടന്ന വികസനപ്രവർത്തനത്തിന് കണക്കില്ലെന്നും വിഘടനവാദികളുടെ ആക്രമണം അവസാനിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 

English Summary: PM Modi announces a new AIIMS in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com