ടോൾ വെട്ടിച്ചു കാർ പാഞ്ഞു; രക്ഷിക്കാന്‍ വെട്ടിച്ച ബസ് പോസ്റ്റിലിടിച്ചു - വിഡിയോ
Mail This Article
കുമ്പളം∙ ടോൾ വെട്ടിച്ചു പാഞ്ഞ കാറിൽ തട്ടാതിരിക്കാൻ ഒതുക്കിയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. ടോൾ പ്ലാസയ്ക്കു സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റിൽ ബസ് ഇടിച്ചു നിന്നതു കൊണ്ടു മാത്രം ദുരന്തം ഒഴിവായി.
രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ടോൾ വെട്ടിച്ച് എൻഐജെ എൽപി സ്കൂൾ റോഡിലൂടെ എത്തിയ കാർ ടോൾ പ്ലാസയ്ക്കു മുന്നിലെ കട്ടിങ്ങിലൂടെ അരൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു തൊട്ടുമുന്നിലൂടെ വൈറ്റില ഭാഗത്തേക്കു കടന്നതാണ് അപകട കാരണം. യാത്രികരുമായി ആലപ്പുഴയ്ക്കു പോവുകയായിരുന്ന ബസ് കാറിൽ മുട്ടാതിരിക്കാൻ ഒതുക്കിയപ്പോൾ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. യാത്രികരെ പിന്നീട് മറ്റൊരു ബസിൽ കയറ്റി വിട്ടു.
ടോൾ പ്ലാസയിലെ സിസിടിവിയിൽ അപകട ദൃശ്യം കിട്ടിയെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ല. ഹൈവേയിലെ ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ കാർ കണ്ടെത്താനായില്ല. ഇവിടത്തെ യുടേണിൽ ടോൾ വെട്ടിക്കുന്ന വാഹനങ്ങളിൽ തട്ടി അപകടം പതിവായിരിക്കുകയാണ്.
English Summary: Accident in Kumbalam toll plaza