ജനഹിതമെന്ത്? ഫലം ‘അനുകൂലമാക്കാൻ’ ജ്യോത്സ്യന്മാരെ സമീപിച്ച് രാഷ്ട്രീയക്കാർ
Mail This Article
അമൃത്‌സർ ∙ പഞ്ചാബിൽ ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പോരിന്റെ ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രാഷ്ട്രീയ പാർട്ടികളും നേതാക്കളും കണക്കെടുപ്പിന്റെ തിരക്കിലാണ്. ചതുഷ്കോണ പോരാട്ടം നടന്ന സംസ്ഥാനത്ത്, ഫലം ‘അനുകൂലമാക്കാൻ’ ജ്യോത്സ്യന്മാരെ സമീപിക്കുന്നവരും കുറവല്ല. രാഷ്ട്രീയക്കാരും ജ്യോതിഷികളും തമ്മിലുള്ള ബന്ധം രഹസ്യമല്ലെങ്കിലും ഇപ്പോഴതു മൂർധന്യത്തിൽ എത്തിയെന്നാണു പഞ്ചാബിൽ നിന്നുള്ള റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും വിവിധ ആരാധനാലയങ്ങളിൽ നിത്യസന്ദർശകരായിട്ടുണ്ട്. വഴിപാടുകൾ നേർന്നു വിജയത്തിനായി കാത്തിരിക്കുന്നവരുമേറെ. പതിവായി ഉപദേശം തേടാറുള്ള ജ്യോത്സ്യന്മാരെ സന്ദർശിച്ചു ഭാവി പരിപാടികൾ കണക്കുകൂട്ടി കാത്തിരിക്കുകയാണു മറ്റൊരു കൂട്ടർ. സ്ഥാനാർഥി പ്രഖ്യാപനം മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വരെ ജ്യോതിഷികളുടെ ഇടപെടലുണ്ടായി. ഫലപ്രഖ്യാപനം തീരുംവരെ ജ്യോതിഷികൾക്കു തിരക്കാണ്.
വോട്ടിങ് മെഷീൻ തുറന്നു വോട്ടെണ്ണി തീരുന്നതുവരെ ജ്യോത്സ്യന്മാർക്കു നല്ല കോളാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല സ്ഥാനാർഥികളും ജ്യോതിഷികളെ വോട്ടെണ്ണൽ ദിവസം വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട്. വിവിധ പാർട്ടികളിലെ നേതാക്കൾ ഭാവിപ്രവചനത്തിനായി തന്നെ സമീപിച്ചെന്നു പഠാൻകോട്ടിലെ ജ്യോത്സ്യൻ മിതിലേഷ് ശാസ്ത്രി സ്ഥിരീകരിച്ചു. ‘ഇന്ത്യക്കാർ പൊതുവെ വിശ്വാസികളാണ്, രാഷ്ട്രീയക്കാരും വ്യത്യസ്തരല്ല. തിരഞ്ഞെടുപ്പ് കാലത്ത് ജ്യോത്സ്യന്മാരുടെ ഡിമാൻഡ് കൂടുക സ്വാഭാവികം’– വിദ്യാഭ്യാസ വിദഗ്ധനും ബിജെപിക്കൊപ്പം പ്രവർത്തിച്ചയാളുമായ ഡോ. സംരേന്ദ്ര ശർമ പറഞ്ഞു. മാർച്ച് 10ന് ആണ് സംസ്ഥാനത്തു വോട്ടെണ്ണൽ.
English Summary: Ahead of Punjab Assembly election results, leaders make a beeline for astrologers