‘ബിജെപിക്കായി കുക്കി നിരോധിത സംഘടന വോട്ട് പിടിച്ചു: രണ്ടിടത്ത് റീ പോളിങ് വേണം’
Mail This Article
ഇംഫാൽ ∙ മണിപ്പുരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാർക്കു കർശന നിർദേശം നൽകി നിരോധിത സംഘടനയായ കുക്കി നാഷനൽസ് ഓർഗനൈസേഷൻ (കെഎൻഒ) രംഗത്തു വന്നതിനു പിന്നാലെ ബിജെപിക്കെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. അധികാരത്തിലെത്തിയാൽ മണിപ്പുരിലെ കുക്കി ഭീകരതയ്ക്ക് അറുതി വരുത്തുമെന്ന ചുരാചന്ദ്പുർ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അമിത് ഷാ പറഞ്ഞതു പൊള്ളയെന്നു തെളിഞ്ഞെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ചുരാചന്ദ്പുർ, കാംഗ്പോക്പി ജില്ലകളിൽ കെഎൻഒ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും റീ പോളിങ് വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കുക്കി നാഷനൽസ് ഓർഗനൈസേഷനു പിന്നിൽ ബിജെപി ഉന്നത നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മണിപ്പുരിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 28 ന് മണിപ്പുരിൽ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപാണ് മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ കെഎൻഒ തീരുമാനിച്ചത്. തീരുമാനം വിശദീകരിച്ചു കൊണ്ടു സംഘടന പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഈ തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർ കുക്കി താത്പര്യങ്ങൾക്ക് എതിരു നിൽക്കുന്നവരാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കുക്കികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ചർച്ചയാകാമെന്നും പരിഹാരം കാണാമെന്നും ബിജെപി വാഗ്ദാനം ചെയ്തെന്നും കെഎൻഒ പത്രക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു. കുക്കി വംശജർക്കു വേണ്ടി വ്യത്യസ്ത സംസ്ഥാനം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്നവരാണ് കുക്കി നാഷനൽസ് ഓർഗനൈസേഷൻ.
English Summary: Congress demands repoll in 2 Manipur districts