ADVERTISEMENT

സിറാത്തു(യുപി)∙ ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിൽ വരുമ്പോൾ ആരു മുഖ്യമന്ത്രിയെന്നത് തർക്കമില്ലാത്ത വിഷയമാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഒറ്റക്കെട്ടായാണ് പാർട്ടി മത്സരിക്കുന്നത്. ബിജെപിക്കു വോട്ടു ചെയ്താലേ വികസനമുണ്ടാവൂ എന്ന് യുപിയിലെ ജനങ്ങൾക്കു ബോധ്യപ്പെട്ടതായും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. വ്യാഴാഴ്ച ആറാംഘട്ട തിരഞ്ഞെടുപ്പിനൊരുങ്ങുന്ന യുപിയിലെ വിവിധ മേഖലകളിൽ പ്രചാരണത്തിലാണ് 2017ൽ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന കേശവ പ്രസാദ് മൗര്യ. സ്വന്തം മണ്ഡലമായ സിറാത്തുവിലാണ് അദ്ദേഹം ജനവിധി തേടുന്നത്. 

സിറാത്തുവിൽ അദ്ദേഹത്തിന്റെ മുഖ്യഎതിരാളി സമാജവാദി സഖ്യത്തിലുള്ള അപ്നാദൾ വിഭാഗത്തിലെ പല്ലവി പട്ടേലാണ്. ബിജെപി സഖ്യകക്ഷി നേതാവും അപ്നാദൾ വിഭാഗം നേതാവുമായ കേന്ദ്രസഹമന്ത്രി അനുപ്രിയയുടെ സഹോദരിയാണ് അവർ. ഇവരടങ്ങുന്ന കുർമി സമുദായത്തിന് മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്. കേശവ് പ്രസാദ് മൗര്യ സംസാരിക്കുന്നു. 

∙ 2017ൽ താങ്കളുടെ നേതൃത്വത്തിലാണ് ബിജെപിക്കു വൻ വിജയമുണ്ടായത്. താങ്കൾ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇത്തവണ എന്താണ് സ്ഥിതി? 

അത്തരം ചോദ്യങ്ങളിൽ പ്രസക്തിയില്ല. ബിജെപി 300 സീറ്റിനപ്പുറം നേടി ഇത്തവണയും അധികാരത്തിൽ വരുമെന്നതിൽ തർക്കമില്ല. ആരു മുഖ്യമന്ത്രിയാകുമെന്നതു സംബന്ധിച്ചൊന്നും തർക്കങ്ങളില്ല. അതു നേരത്തേ പ്രഖ്യാപിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും യോഗി ആദിത്യനാഥും ഞാനുമൊക്കെ ഈ പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഓരോ വ്യക്തികളായല്ല മത്സരത്തെ നേരിടുന്നത്. 

∙ വികസനമാണ് ലക്ഷ്യമെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഹിന്ദുത്വ അജൻഡകൾ പാർട്ടിക്ക് ഉപയോഗിക്കേണ്ടി വരുന്നത്? 

വികസനം തന്നെയാണ് മുഖ്യലക്ഷ്യം. അതു ജനങ്ങൾക്ക് മനസിലായിക്കഴിഞ്ഞു. വീടില്ലാത്തവന് വീടും അന്നമില്ലാത്തവന് അന്നവും കൊടുക്കുന്നുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിലുണ്ട്. അതോടൊപ്പം തന്നെ രാമക്ഷേത്ര നിർമാണവും കാശി, മഥുര പുനർനിർമാണവുമൊക്കെ ബിജെപി പറഞ്ഞതാണ്. അതു ചെയ്യുന്നതു കൊണ്ട് ജനക്ഷേമ നടപടികൾ നിർത്തുവെന്ന് അർഥമില്ല. അത് അതു പോലെ തുടരും. 

1248-maurya-up
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ പല്ലവി പട്ടേൽ മത്സരിക്കുന്നതിനാൽ ഇത്തവണ പിന്നാക്ക വോട്ടുകൾ ഭിന്നിക്കുമെന്ന് ആശങ്കയുണ്ടോ? 

അഖിലേഷ് യാദവ് വേണമെങ്കിൽ കുടുംബത്തോടെ ഇവിടെ വന്നിരുന്നോട്ടെ. ഞാൻ സിറാത്തുവിന്റെ മകനാണ്. ഇവിടെ ഞാൻ നടത്തിയ വികസനപ്രവർത്തനങ്ങളാണ് എന്റെ ആത്മവിശ്വാസം. ഇവിടെ താമരയേ വിരിയൂ. മറ്റൊരു സ്വപ്നങ്ങളും വിരിയില്ല. 

1248-keshav-prasad-maurya
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ വികസനമില്ല വെറും പേരുമാറ്റലാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം? 

അവരുടെ ജോലി ആരോപണങ്ങളുന്നയിക്കലല്ലേ? എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നിവയുടെ അവസാനമാണ് മാർച്ച് 10ന് ഫലം വരുമ്പോൾ കാണുക. അപ്പോൾ നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കൂ. ബിജെപിയല്ലാതെ അടുത്ത 10 തിരഞ്ഞെടുപ്പിൽ ഇവിടെ ആരും ജയിക്കില്ല. ജനങ്ങൾ ബിജെപിക്കൊപ്പമാണ്. ഇരട്ട എൻജിൻ സർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പിന്തുണ അതിനു സാക്ഷിയാണ്. 

1248-deputy-chief-minister-up
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ അവസാന ഘട്ടമാകുമ്പോഴേക്ക് യുപിയിൽ മത്സരം കടുത്തില്ലേ? 

അതൊക്കെ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതാണ്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 73 സീറ്റ് ബിജെപി ജയിച്ചത്. 2017ൽ 325 സീറ്റു കിട്ടി. 2019ൽ സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും ചേർന്ന് മഹാസഖ്യമുണ്ടായിട്ടും 51ശതമാനം വോട്ട് ബിജെപിക്കു കിട്ടി. ഇത്തവണയും വൻഭൂരിപക്ഷത്തോടെ ബിജെപി തിരിച്ചെത്തും. 

English Summary: Exclusive Interview with UP deputy CM Keshav Prasad Maurya 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com