ADVERTISEMENT

മോറെ(ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണം) ∙ തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായ മണിപ്പുരിലെ മോറെയിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കുക മലയാളികൾ ഉൾപ്പെട്ട ദക്ഷിണേന്ത്യക്കാർ. അരനൂറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യക്കാരുടെ പിന്തുണയില്ലാതെ ആരും ഇവിടെ ജയിച്ചിട്ടില്ല. 

ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ഏഷ്യൻ ഹൈവേയിലെ ഇന്ത്യയിലെ കവാടമാണ് മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെ എന്ന ചെറുപട്ടണം. പഴയ ബർമയിൽ കുടിയേറിയ തമിഴൻമാരും മറ്റുമാണ് ഇന്ന് ഈ പട്ടണത്തിലെ നല്ലൊരു പങ്കും. 60 കളിൽ  ബർമയിലെ ആഭ്യന്തരകലാപങ്ങളിൽ നിന്നും സർവവും ഉപേക്ഷിച്ച്, റങ്കൂണിൽ നിന്നും അഭയാർഥി കപ്പൽ കയറി ഇന്ത്യയിൽ എത്തിയവർ പിന്നീട് വീണ്ടും ബർമയിലേക്ക് മടങ്ങാൻ മോറെ അതിർത്തിയിലെത്തുകയായിരുന്നു. വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് മടങ്ങാനായത്. ബാക്കിയുള്ളവർ  എന്നെങ്കിലും മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ ഇവിടെ താമസമായി. ഇതിൽ പലരും കാലക്രമത്തിൽ ബർമയെന്ന സ്വപ്നം ഉപേക്ഷിച്ച് സ്വന്തം നാടുകളിലേക്കു മടങ്ങി.

തെങ്നോപാൽ നിയമസഭാ മണ്ഡലത്തിലാണ് മൊറെ ഉൾപ്പെടുന്നത്. ഒരു കാലത്ത് 15,000 ൽ അധികം ദക്ഷിണേന്ത്യക്കാരാണ് മൊറെയിൽ മാത്രം  താമസിച്ചിരുന്നത്.  ഇപ്പോഴത്തെ ജനസംഖ്യ അയ്യായിരമായി കുറഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷവും തമിഴ്നാട്ടുകാർ. തമിഴ് സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ദക്ഷിണേന്ത്യക്കാർ സംഘടിച്ചിട്ടുള്ളത്. മോറെയിലെ രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് നിർണായക സ്വാധീനമാണ് ഇവർക്കുള്ളത്. തമിഴ് സംഘം പരസ്യമായി പിന്തുണ നൽകിയ സ്ഥാനാർത്ഥികൾ മാത്രമാണ് ഇതുവരെ ഇവിടെ വിജയിച്ചിട്ടുള്ളത്.

കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ടവരും മെയ്തികളുമാണ് 40,000 വോട്ടർമാരുള്ള മണ്ഡലത്തിലുള്ളത്. വ്യത്യസ്ത താൽപര്യങ്ങളുള്ള ഇരുവരുടെയും ജനസംഖ്യ ഏറെക്കുറെ ഒപ്പത്തിനൊപ്പമായതിനാൽ തമിഴ് സംഘത്തിന്റെ വോട്ടാണ് ഓരോ തിരഞ്ഞെടുപ്പിലും നിർണായകം. ഗോത്രവർഗക്കാർ താമസിക്കുന്ന കുന്നുകളിൽ  തമിഴ്നാട്ടുകാർ ഉൾപ്പെടെയുള്ളവർ അധിവസിക്കുന്നത് ആദ്യകാലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 1995 ലെ കുക്കി- തമിഴ് സംഘർഷത്തിൽ 9 തമിഴന്മാരും 17 കുക്കികളുമാണ് കൊല്ലപ്പെട്ടത്. 

പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിൽ തമിഴ് സംഘത്തിന്റെ പ്രവർത്തനം നിർണായകമായിട്ടുണ്ട്. ദോശയും ഇഡലിയും വിളമ്പുന്ന ഹോട്ടലുകളുള്ള,  സദാസമയം തമിഴ് പാട്ടുകൾ കേട്ടുണരുന്ന മോറെയിൽ അനവധി അമ്മൻ കോവിലുകളാണുള്ളത്. മതസൗഹാർദ്ദത്തിന്റെ മാതൃകയായ തമിഴ് സംഘത്തിന്റെ കീഴിൽ മുസ്‌ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയുമുണ്ട്.  50 ൽ അധികം മലയാളി കുടുംബങ്ങൾ താമസിച്ചിരുന്ന മോറെയിൽ ഇപ്പോൾ വിരലില്ലെണ്ണാവുന്ന മലയാളികൾ മാത്രമേയുള്ളൂ.

manipur2
മോറെ പട്ടണത്തിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികൾ 

ദക്ഷിണേന്ത്യൻ വോട്ടർമാരാണ് മണ്ഡലത്തിലെ വിധി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതെന്ന്  മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും ജലസേചന-കായിക മന്ത്രിയുമായ ലെറ്റ്പാ ഹോകിബ് മനോരമയോട് പറഞ്ഞു. അര നൂറ്റാണ്ടായി മോറെയുടെ വികസനത്തിന് തമിഴ്നാട്ടുകാർ ഉൾപ്പെടെയുള്ളവർ നൽകുന്ന സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ ആലോചനയിലൂടെയാണ് തമിഴ് സംഘം രാഷ്ട്രീയ തീരുമാനമെടുക്കുന്നതെന്ന് തമിഴ് സംഘം പ്രസിഡന്റും  ബോർഡർ ട്രേഡ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ വി. ശേഖർ പറഞ്ഞു. 

ലുക്ക് ഈസ്റ്റ് നയത്തിന്റെ ഭാഗമായി വികസിപ്പിക്കുന്ന ഇന്ത്യാ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ അടുത്ത വർഷം പകുതിയോടെ പൂർത്തിയാകുമ്പോൾ മോറെ രാജ്യത്തിന്റെ വ്യവസായ-വാണിജ്യ ഭൂപടത്തിലെ നിർണായക ബിന്ദുവായി മാറും. മോറെയിൽ നിന്ന് 1,408 കിലോമീറ്റർ യാത്ര ചെയ്താൽ ബാങ്കോക്കിൽ എത്താം. വാണിജ്യ ആവശ്യങ്ങൾക്കായി ഹൈവേ കംബോഡിയ, ലാവോസ്, വിയറ്റ്നാം വഴി നീട്ടാനും ആലോചനയുണ്ട്. 

English Summary: It's South Indians including Malayalees decisive in polls at Moreh, Manipur Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com