സ്ത്രീ വിരുദ്ധ പരാമർശം: കോടിയേരിക്കെതിരെ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ
Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് കെ.ഫാത്തിമ തെഹ്‌ലിയ വനിതാ കമ്മിഷനു പരാതി നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. പ്രസ്താവന ഗുരുതരവും പൊതുപ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും പരാതിയിൽ പറയുന്നു.
പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടിയേരി നൽകിയ മറുപടിയാണ് വിവാദമായത്. സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമോയെന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. പ്രാതിനിധ്യം 50 ശതമാനമാക്കുമോയെന്ന ചോദ്യത്തിന്, നിങ്ങൾ പാർട്ടിയെ തകർക്കാൻ നടക്കുന്നതാണോ, പ്രായോഗിക നിർദേശം നൽകാൻ നടക്കുന്നതാണോയെന്ന് കോടിയേരി ചോദിച്ചു. കമ്മിറ്റികളിൽ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് വിമർശിച്ച് ഫാത്തിമ തെഹ്‌ലിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
English Summary: Anti-Women Remark: Complaint against Kodiyeri Balakrishnan in Women's Commission