ADVERTISEMENT

പാലക്കാട്∙ പാലക്കാട്ടെ വിഭാഗീയതയ്ക്ക് പ്രധാനകാരണം രണ്ടു നേതാക്കളുടെ പ്രവര്‍ത്തനരീതിയാണെന്ന് സിപിഎം സംസ്ഥാനസമ്മേളനചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. ഇതില്‍ ഒരാള്‍ നേരത്തെ ഗുരുതരമായ ആരോപണം നേരിട്ടയാളും രണ്ടാമത്തെയാള്‍ ഔദ്യോഗിക പദവി അലങ്കരിച്ച മുതിര്‍ന്ന നേതാവുമെന്നാണ് സമ്മേളന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍, പേരെടുത്തുപറയാതെ പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചതെന്നാണു റിപ്പോര്‍ട്ട്.  ഔദ്യോഗിക പദവിയിലിരിക്കുമ്പോഴും  ആരോപണവിധേയനായ നേതാവ് തന്റെ ചെയ്തികളില്‍ നിന്നു മാറിനില്‍ക്കാന്‍ തയാറായില്ല. മുന്‍ ജില്ലാനേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ മുതിര്‍ന്ന നേതാവ് തന്റെ സംഘടനാസ്വാധീനം ഉപയോഗിച്ച് വെള്ളം ചേര്‍ക്കുകയും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നീട്ടികൊണ്ടുപോകുകയും ചെയ്തുവന്ന സൂചനകളും ചിലര്‍ നല്‍കി.

ജില്ലാ സെന്ററിന്റെ തീരുമാനങ്ങള്‍വരെ ലാഘവത്തോടെയാണു എടുത്തത്. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ പാര്‍ട്ടിയുടെ പേരില്‍ നടത്തിയ ഇടപാടുകളുടെ പഴി ജില്ലയിലെ പാര്‍ട്ടിയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്തതായാണ് ആരോപണം. വിഭാഗീയത കത്തി നിന്ന കാലത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴില്ലെങ്കിലും പാലക്കാട്ടെ പുതിയ വിഭാഗീയ നീക്കങ്ങളും രീതികളും അവസാനിപ്പിക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം അതിനുളള ശക്തമായ ഇടപെടലും തീരുമാനങ്ങളും ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും ചര്‍ച്ചക്കിടയിലുണ്ടായി. വിഷയം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും സമ്മേളനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

മുന്‍കാലത്ത് സിഐടിയുക്കാരായ നേതാക്കളുടെ വെട്ടിനിരത്തലിനും പിന്നീട് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള ബദല്‍ നീക്കങ്ങള്‍ക്കും വേദിയായ ജില്ലയിലെ വിഭാഗീയത ഇടക്കാലത്ത് നിയന്ത്രണം വിട്ട സാഹചര്യവുമുണ്ടായി. വിഭാഗീയതയുടെ ചാരംമൂടിയ കനലുകള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളിലും പുറത്തും പിന്നീട് കത്തിനിന്നു. പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ലീനത്തിന്റെ രേഖയനുസരിച്ചുളള നടപടികളില്‍ കുറയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായെന്ന് നേതൃത്വം പറയുമ്പോഴും പുതിയ രൂപത്തിലും നേതൃത്വത്തിലുമാണ് വിഭാഗീയത പിന്നീട് അവതരിച്ചത്. അത് ഏരിയാസമ്മേളനങ്ങളില്‍ പ്രകടമായി.

പുതുശേരി, പട്ടാമ്പി, ചെര്‍പ്പുളശേരി പ്രദേശങ്ങളിലാണ് കൂടുതല്‍ ഭിന്നത സൃഷ്ടിക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ടു നാലു നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായഭിന്നതയ്ക്ക് മൂര്‍ച്ച കൂട്ടുന്ന രീതിയില്‍ ചില നേതാക്കള്‍ നിലപാട് സ്വീകരിച്ചതോടെ  കൊല്ലങ്കോട് ഇപ്പോള്‍ ചേരിതിരിവ് ശക്തമാണ്. തൃത്താലയില്‍ ഏരിയാ സെക്രട്ടറിയെ ടോസിലൂടെ തിരഞ്ഞെടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സമിതി അംഗങ്ങളുടെ നിഷ്‌ക്രിയത്വം കൊണ്ടാണെന്നാണ് വിമര്‍ശനം. ഏരിയാ നേതാക്കളില്‍ രണ്ടുപേര്‍ തമ്മിലുളള പടലപിണക്കം രൂക്ഷമാക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചത്. പട്ടാമ്പി, ചെര്‍പ്പുളശേരി ഏരിയകളില്‍ ഔദ്യോഗികപക്ഷമായി നിന്നുകൊണ്ടുതന്നെ തന്റെ സ്വന്തം താല്‍പര്യം നടപ്പാക്കാനാണ് നേതാക്കളില്‍ ഒരാള്‍ ശ്രമിച്ചത്. 

വള്ളുവനാടന്‍ മേഖലയില്‍ തനിക്കൊപ്പം നില്‍ക്കാത്തവരെ അദ്ദേഹം ഇടപെട്ടു തോല്‍പിച്ചത് ജില്ലയിലെ പാര്‍ട്ടിക്ക് മോശപ്പേരുണ്ടാക്കി. ഇദ്ദേഹത്തിനെതിരെ ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പുതുശേരിയില്‍ ഔദ്യോഗികവും അനൗദ്യോഗികവുമല്ല എന്ന രീതിയിലാണ് പ്രാദേശിക നേതൃത്വം പ്രവര്‍ത്തിച്ചത്. ചില നേതാക്കള്‍ സ്വയം കാര്യങ്ങള്‍ തീരുമാനിച്ചു നടപ്പാക്കുന്നുവെന്നാണ് ആരോപണം. 

ആലത്തൂരിലും വ്യക്തികേന്ദ്രീകൃത സ്വഭാവം പ്രകടമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരും പുതിയകാലത്തെ മാടമ്പിമാരാകേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്. എല്ലാവരും പാര്‍ട്ടിയുടെ നേതാക്കന്മാരാണ്, എന്നാല്‍ ഉടമസ്ഥരാകാന്‍ ശ്രമിക്കേണ്ടന്നും ചര്‍ച്ചയില്‍ നേതൃത്വം വ്യക്തമാക്കി.

പാര്‍ട്ടി വ്യവസ്ഥയില്‍ വിഷയം വിലയിരുത്തി പരിഹരിക്കുന്നതിനു പകരം വ്യക്തി കേന്ദ്രീകൃത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന രീതി ജില്ലയില്‍ ചിലയിടത്തുണ്ട്. തിരുത്തലുകള്‍ക്കു സംസ്ഥാനകമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തയാറാക്കിയെങ്കിലും അതനുസരിച്ചു നീക്കങ്ങളുണ്ടായില്ല.

ശേഷിക്കുന്ന വിഭാഗീയതയെക്കുറിച്ചുളള സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം അംഗീകരിക്കുന്നതായി ജില്ലയില്‍ നിന്നുളള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞതായാണ് സൂചന. വിഭാഗീയത അവസാനിപ്പിക്കാനുളള നടപടികളിലെ പോരായ്മ പരിഹരിക്കും. അതിനു സംസ്ഥാന സെന്ററിന്റെ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാസമ്മേളനത്തില്‍ പിണറായി വിജയന്‍ ജില്ലയിലെ വിഭാഗീയ തുരുത്തുകളെ ശക്തമായി താക്കീത് ചെയ്തിരുന്നു. പാര്‍ട്ടികോണ്‍ഗ്രസിനുശേഷം പാലക്കാടന്‍ വിഭാഗീയതയ്‌ക്കെതിരെ നേതൃത്വം ശക്തമായ നടപടികളുമായി രംഗത്തിറങ്ങാനാണ് സാധ്യത.

English Summary: Sectarianism in Palakkad CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com