ADVERTISEMENT

ഇംഫാൽ∙ മണിപ്പുർ നിയമസഭാ തിരഞ്ഞടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.04% പോളിങ് രേഖപ്പെടുത്തി. ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിൽ ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. 

സേനാപതി, തൗബാൽ ജില്ലകളിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പട്ടു. സേനാപതി ജില്ലയിലെ കരോങ്ങിൽ പൊലീസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. വോട്ടിങ് മെഷീൻ ചിലർ തട്ടിയടുക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

തൗബാൽ ജില്ലയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകൻ ബിജെപി പ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മറ്റു ചിലർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർഥികളാണ് ശനിയാഴ്ച ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 22 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് ആണ് ജയിച്ചത്.

ബിജെപിക്കു ഭൂരിപക്ഷം കിട്ടുമെന്നാണു മിക്ക തിരഞ്ഞെടുപ്പു സർവേകളും പ്രവചിച്ചിക്കുന്നതെങ്കിലും മ്യാൻമറിനോട് അതിർത്തി പങ്കിടുന്ന സംസ്ഥാനത്തു കോൺഗ്രസും പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സർക്കാർ രൂപീകരിച്ചതു ബിജെപിയാണ്. അന്നു ബിജെപിക്കു പിന്തുണ നൽകി സർക്കാരിന്റെ ഭാഗമായ നാഷനൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) ഇത്തവണയും വെവ്വേറെ മത്സരിക്കുകയാണ്.  ജനതാദളും (യു) മത്സരരംഗത്തുള്ളപ്പോൾ അഞ്ചു പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലാണു പല മണ്ഡലങ്ങളിലും.

രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങൾ ഏറെയും ഗോത്ര വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ്. സായുധ സംഘടനകളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചതായി നേരത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. സായുധ സംഘടനകൾ വോട്ടർമാരെ മർദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. 

English Summary: Voting for last phase of Manipur polls: 92 candidates across 22 assembly constituencies in fray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com