ഗണേഷിന്റേത് ‘ഷോ’യെന്ന് ഡോക്ടർമാർ; തെറാപ്പിസ്റ്റിന്റെ ജോലി ചെയ്യുന്നത് സ്വീപ്പർ
Mail This Article
കൊല്ലം∙ പത്തനാപുരം തലവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയത് ‘ഷോ’ ആണെന്ന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിമര്‍ശനം. ആശുപത്രി നന്നാകണമെങ്കില്‍ ജീവനക്കാരും അടിസ്ഥാന സൗകര്യവും ഉണ്ടാകണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഒാഫിസേഴ്സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഒാഫിസേഴ്സ് ഫെഡറേഷനും ആരോഗ്യമന്ത്രി വീണാ ജോർജിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ബജറ്റില്‍ 180 തസ്തിക പ്രഖ്യാപിച്ചെങ്കിലും ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. 125 ആയുര്‍വേദ ആശുപത്രികളില്‍ 35 ആശുപത്രികളിലാണ് തെറാപ്പിസ്റ്റ് തസ്തികയുള്ളത്. പഞ്ചകര്‍മ ചികിത്സയ്ക്കുൾപ്പെടെ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ അറ്റന്‍ഡറും സ്വീപ്പറുമൊക്കെയാണു പകരക്കാരാകുന്നത്. സംസ്ഥാനമൊട്ടാകെ 460 തെറാപ്പിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കണമെന്നാണു കണക്ക്.
കണ്ണൂര്‍ ഇളയാവൂര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തെങ്കിലും ജീവനക്കാരില്ല. പത്തനംതിട്ടയിൽ 13 ആശുപത്രികളിലും ഇടുക്കിയില്‍ 36 ആശുപത്രികളിലും ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. 35 ഡിസ്പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ് തസ്തിക ഇന്നേവരെ സൃഷ്ടിച്ചിട്ടില്ല. 10 കിടക്കകളുള്ള 51 ആശുപത്രികളില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മെഡിക്കല്‍ ഒാഫിസര്‍ തസ്തികയിൽ സംസ്ഥാനമൊട്ടാകെ 70 ഒഴിവുണ്ട്. ഫീല്‍ഡ്, ക്ലറിക്കല്‍ സ്റ്റാഫുകളും ആശുപത്രികളില്‍ ഇല്ലെന്ന് ഡോക്ടർമാർ പറയുന്നു.
English Summary: Doctors against KB Ganesh Kumar MLA