പുട്ടിനുമായി കൂടിക്കാഴ്ച നടത്തി ബെന്നെറ്റ്; യുക്രെയ്നിലെ ആക്രമണം തുടരുന്നു
Mail This Article
മോസ്കോ∙ യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. റഷ്യയുമായി ഇസ്രയേലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബെന്നെറ്റ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, താല്‍കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്നു പ്രഖ്യാപിച്ച റഷ്യ, യുക്രെയ്നിലെ മരിയുപോളിലും കീവിലും ഹര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്. മരിയുപോളിലെ സ്ഥിതി ഗുരുതരമാണെന്നും വെടിനിർത്തൽ ഗുണം ചെയ്തില്ലെന്ന് മേയർ പറഞ്ഞു. നഗരത്തിൽ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്നും മേയർ ആരോപിച്ചു.
അതിനിടെ, വീസ, മാസ്റ്റർ കാർഡുകൾ റഷ്യൻ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി. റഷ്യയിൽ വിതരണം ചെയ്ത കാർഡുകൾ രാജ്യത്തിന് പുറത്ത് ഉപയോഗിക്കാൻ കഴിയില്ല. മറ്റു രാജ്യങ്ങളിലെ കാർഡുകൾ റഷ്യയിലും പ്രവർത്തന രഹിതമായിരിക്കും.
English Summary: Israeli Prime Minister Meets Putin In Moscow To Discuss Ukraine Crisis