പ്രവർത്തന രംഗത്ത് അതുല്യമാതൃക; ഓർമ്മയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
Mail This Article
കേരളീയ മുസ്‌ലിം മത–രാഷ്ട്രീയ രംഗത്ത് അമരത്തിരുന്നപ്പോഴും സൗമ്യനും വിനയാന്വിതനുമായി, സമുദായത്തിന്റെ ആശ്രയവും ആശാകേന്ദ്രവുമായി, പ്രവർത്തന രംഗത്ത് അതുല്യമാതൃക തീർത്താണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കടന്നു പോകുന്നത്.
1968ലാണ് ഹൈദരലി തങ്ങളുമായി കൊടപ്പനക്കൽ വെച്ച് പരിചയപ്പെടുന്നത്. പൂക്കോയ തങ്ങളെ അതീവ സ്നേഹ–ബഹുമാനങ്ങളോടെ കാണുകയും ഇടയ്ക്കിടെ തങ്ങളെ സന്ദർശിക്കുകയും ചെയ്തിരുന്ന മാതാമഹൻ തേനു മുസ്ലിയാരൊന്നിച്ച് അവിടെ പോയിരുന്നപ്പോഴാണ് അത്. മതരംഗത്തെ ഉന്നതപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഞങ്ങൾ ഇരുവരും ഒന്നിച്ച് ഒരേ വാഹനത്തിൽ ആദ്യ യാത്ര ചെയ്തതു മുതൽ അത് ദൃഢമായി. അന്നാരംഭിച്ച സൗഹൃദ ബന്ധം. സഹപാഠികൾ, സഹപ്രവർത്തകർ, സഹകാര്യദർശികൾ എന്നീ നിലകളിൽ അര നൂറ്റാണ്ടുകാലം ആത്മബന്ധമായി തുടർന്നു. ജാമിഅയിലെ ആദ്യവർഷം സ്ഥാപനത്തിലെ വിദ്യാർത്ഥി സംഘടന നൂറുൽ ഉലമായുടെ അമരത്ത് ഞങ്ങളിരുവരും അവരോധിതരായി. തൊട്ടടുത്ത വർഷം 1973ൽ സമസ്തയുടെ വിദ്യാർത്ഥി സംഘടന രൂപീകരിച്ചപ്പോൾ സംഘടനയുടെ പ്രഥമ പ്രസിഡന്റായി തങ്ങളും ജന.സെക്രട്ടറിയായി ഞാനും നിയമതിനായി.
ഇ.കെ അബൂബകർ മുസ്ലിയാർ, ഇ.കെ ഹസൻ മുസ്ലിയാർ, വാണിയമ്പലം അബ്ദുർറഹ്മാൻ മുസ്ലിയാർ, കെ.വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട്, കോട്ടുമല അബൂബകർ മുസ്ലിയാർ തുടങ്ങിയ നേതാക്കളുമായി സംഘടനാ സാരഥികൾ എന്ന നിലയ്ക്ക് ആത്മബന്ധമുണ്ടാക്കാനും ഉപദേശ നിർദേശങ്ങൾ തേടാനും ഇരുവർക്കും അവസരമുണ്ടായി. ജാമിഅ ക്യംപസ് മാഗസിൻ അൽമുനീറിന്റെ പത്രാധിപരായി പ്രവർത്തിക്കാനും അക്കാലത്തു സാധിച്ചു. സമസ്തയുടെ വിദ്യാർത്ഥി സംഘടന വിപുലപ്പെടുത്താനും ജില്ല, താലൂക്ക് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനും സംസ്ഥാനത്തുടനീളം ഞങ്ങൾ യാത്രകൾ നടത്തി. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും ജില്ല, സംസ്ഥാന ഭാരവാഹികളായി ഒന്നിച്ചു പ്രവർത്തിച്ചു.
പാണ്ഡിത്യവും നേതൃഗുണവും ഒരേ അളവിൽ മേളിച്ചതിനാൽ മത–രാഷ്ട്രീയ രംഗത്തെ അവസാന വാക്കായി നിലക്കൊള്ളാൻ അദ്ദേഹത്തിനായി. രാഷ്ട്രീയ രംഗങ്ങളിലേതു പോലെ മത വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു. സൗമ്യപ്രകൃതമാണെങ്കിലും സമുദായ–രാഷ്ട്രീയ വിഷയങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തുമ്പോൾ അതീവ ജാഗ്രതയും കണിശതയും പുലർത്തി. മത സംഘടനയെയും രാഷ്ട്രീയ പാർട്ടിയെയും സക്രിയമായി മുന്നോട്ടുനയിച്ചു. ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ സംഘടനയെയും മത സംഘടനയും ഒരുമിച്ചു ചലിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം അദ്ദേഹം നിഷ്കളങ്കമായി നിർവഹിച്ചു.
കേരളീയ പരിസരം സാമുദായിക ധ്രുവീകരണത്തിനു വേദിയാകരുതെന്ന നിർബന്ധം തങ്ങൾക്കുണ്ടായിരുന്നു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയ മത സംഘടനകൾ തമ്മിലുള്ള വാക്പോരുകളുടെ തീവ്രത കുറക്കാനും അദ്ദേഹം ആവതു ശ്രമിച്ചു. മഹല്ല് സംവിധാനം ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട മത–ധാർമിക അന്തരീക്ഷം നിലനിർത്തുന്നതിനും നിർണായക ഇടപെടലുകൾ നടത്തി. മുസ്ലിം ആരാധനായലങ്ങളിലെ ഉച്ചഭാഷിണികൾ, ശബ്ദമലിനീകരണത്തിനു ഹേതുകമാകരുതെന്ന ഹൈദരലി തങ്ങളുടെ കർക്കശ നിർദേശം ശ്രദ്ധേയമായിരുന്നു. നിരവധി മഹല്ലുകളുടെ ഖാദി സ്ഥാനം ഏറ്റെടുത്തിരുന്ന തങ്ങൾ പ്രശ്നരഹിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനു പ്രത്യേകം ശ്രദ്ധിച്ചു.
കേരളത്തിലെ ബഹുഭൂരിഭാഗം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃപദവിയിലെ അവിഭാജ്യഘടകമായിരുന്നു തങ്ങൾ. വൈജ്ഞാനിക സംരംഭങ്ങളെ കാലികമാക്കുന്നതിനു നേതൃപരമായ പങ്കും വഹിച്ചു. സമന്വയ സംവിധാനത്തിന്റെ പ്രധാന്യവും പ്രസക്തിയും തിരച്ചറിഞ്ഞ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, വാഫി സ്ഥാപനങ്ങൾ തുടങ്ങി ഒട്ടനേകം മത–സമന്വയ സ്ഥാപനങ്ങളുടെ കാര്യദർശിയായി. യു.എ.ഇ, ഈജിപ്ത്, തുർക്കി, മൊറോക്കോ രാഷ്ട്രങ്ങളിൽ ഞങ്ങളൊരുമിച്ചു നടത്തിയ യാത്രകൾ ഇന്നും മധുരിക്കുന്ന ഓർമകളാണ്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് അലി ജുമുഅയുമായി കൂടിക്കാഴ്ച നടത്താനും മൊറോക്കോയിലെ ഉന്നതവിദ്യാശാലകൾ സന്ദർശിക്കാനും അധികൃതർ, നയതന്ത്രജ്ഞർ, മന്തിമാർ എന്നിവരുമായി ബന്ധമുണ്ടാക്കാനും അവസരമുണ്ടായി.
ദാറുൽ ഹുദായുമായി സവിശേഷമായൊരു ഹൃദയബന്ധവും അഭിനിവേശവും അദ്ദേഹത്തിനുണ്ടായിരുന്നു. 2008–ൽ ദാറുൽഹുദായുടെ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2009 മെയ് 10 ന് ഇസ്ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രഥമ ചാൻസലറായി തങ്ങളും വൈസ് ചാൻസലറായി ലേഖകനും നിയമിതരായി. ദാറുൽഹുദാ സർവകലാശാലക്ക് അംഗത്വമുള്ള മൊറോക്കോയിലെ ഫെഡറേഷൻ ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ദ ഇസ്ലാമിക് വേൾഡിന്റെ ആസ്ഥാനത്ത് ഞങ്ങൾ ഒരുമിച്ച് പര്യടനം നടത്തിയതും ഇന്ത്യയിൽ ദാറുൽഹുദാ നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളുടെ വ്യത്യസ്ത യാത്രകളിൽ പങ്കാളികളായതും മായാത്ത ഓർമകളായുണ്ട്.
ഇടപെടലുകളിലെ സൗമ്യത, നിലപാടുകളിലെ കണിശത, പ്രവർത്തനങ്ങളിലെ ഊർജ്ജസ്വലത, അഭിപ്രായ പ്രകടനങ്ങളിലെ വ്യക്തത തുടങ്ങി ഒട്ടനവധി വിശേഷങ്ങളുള്ള അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ, കീഴ്ഘടകങ്ങൾ, മഹല്ല് സംവിധാനങ്ങൾ, മത–ഭൗതിക–സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം സൗമ്യതയുടെ നേത്യമുഖമായി നിലകൊണ്ട ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം കടുത്ത ശൂന്യതയാണ് അനുഭവപ്പെടുന്നത്. ദേഹം വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പാതയിൽ സമൂഹത്തെയും സമുദായത്തെയും മുന്നോട്ട് നയിക്കാൻ ശക്തനായ പകരക്കാരനുണ്ടാകട്ടെ എന്നു ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു.
‘മനഃശാന്തി കൈവരിച്ച ആത്മാവേ, രക്ഷിതാവിങ്കലേക്ക് സ്വയം സംതൃപ്തനായും ദിവ്യസംതൃപ്തിക്ക് വിധേയനായും നീ തിരിച്ചുപോവുക; എന്റെ അടിമകളുടെ കൂട്ടത്തിൽ പ്രവേശിക്കുകയും എന്റെ സ്വർഗത്തിൽ കടക്കുകയും ചെയ്യുക.’ (വിശുദ്ധ ഖുർആൻ; 89:27–30).
(സമസ്ത മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ലേഖകൻ, ഹൈദരലി തങ്ങൾ സമസ്ത വിദ്യാർഥി സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായിരിക്കെ ജനറൽ സെക്രട്ടറിയായിരുന്നു).
English Summary: A Tribute to Panakkad Hyderali Shihab Thangal - His Life, Vision and Dreams