നോട്ടയ്ക്കും പിന്നിലായ ഇറോം; ഇനിയുണ്ടാകുമോ തിരഞ്ഞെടുപ്പ് ഗോദയിൽ?
Mail This Article
ഇംഫാൽ ∙ മനുഷ്യാവകാശ പോരാളി ഇറോം ശർമിളയ്ക്കു നിയമസഭയിലേക്കുള്ള മത്സരം ദുരന്തമായിരുന്നു. 2017 ൽ അന്നത്തെ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാൽ മണ്ഡലത്തിൽ സ്വന്തം പാർട്ടിയായ പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസിന്റെ ബാനറിൽ മത്സരിച്ച ശർമിള ഞെട്ടിപ്പിക്കുന്ന തോൽവിയാണ് വഴങ്ങിയത്. നോട്ടയ്ക്കു പിന്നിൽ വെറും 90 വോട്ടു മാത്രം ലഭിച്ച ശർമിള താൻ രാഷ്ട്രീയം വിടുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സായുധസേനകൾക്കു പ്രത്യേകാധികാരം നൽകുന്ന നിയമമായ അഫ്സ്പ 2022ലെ നിയസഭാ തിരഞ്ഞെടുപ്പിലും വൻതോതിൽ ചർച്ചയാകുമ്പോഴും തിരക്കുകളിൽ നിന്നെല്ലാം മാറി ബെംഗളൂരുവിലെ വീട്ടിൽ ഭർത്താവിനും കുഞ്ഞുങ്ങൾക്കൊപ്പം പുതിയ ജീവിതം കരുപിടിപ്പിക്കുന്ന തിരക്കിലാണ് അവർ.
തോൽവി കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്നു ഇറോം ശർമിള സമ്മതിക്കുന്നു. നമ്മുടെ രാഷ്ട്രീയരംഗം കുത്തഴിഞ്ഞതും അഴിമതി നിറഞ്ഞതുമാണ് മണിപ്പുരിൽ മാത്രമല്ല, ഇന്ത്യ മുഴുവനും അങ്ങനെ തന്നെയാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു, രാഷ്ട്രീയത്തിലേക്കൊരു തിരിച്ചു വരവിനെ കുറിച്ച് ആലോചിക്കുന്നില്ല. 2017ലെ തോൽവിയിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഇറോം ശർമിള ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് മണിപ്പുരിന്റെ ജാതകം തന്നെ തിരുത്തുമെന്നായിരുന്നു ഇറോം ശർമിളയുടെ അനുയായികൾ വിശ്വസിച്ചിരുന്നത്. പാർട്ടി നിർത്തിയ മറ്റു രണ്ടു സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശു നഷ്ടമായി. തെക്കേ ഇന്ത്യയിൽ എവിടെയെങ്കിലും പോയി സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ശർമിള അന്നുതന്നെ വ്യക്തമാക്കിയിരുന്നു. മണിപ്പുരിൽ സൈന്യത്തിന്റെ പ്രത്യേക അവകാശങ്ങൾ പൗരാവകാശങ്ങളെ തകിടം മറിക്കുന്നതിനെതിരെ 16 വർഷം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇറോം ശർമിളിയുടെ രാഷ്ട്രീയ പ്രവേശനം.
കൊളോണിയൽ ശൈലിയിലാണു രാജ്യത്തു കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. അതിനാൽ എതിർപ്പു പ്രകടപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന മനോഭാവം ഏറുകയാണെന്നും അവർ പറയുന്നു. ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോ, മക്കളായ നിക്സ് സഖി, ഓട്ടം ടാര എന്നിവരോടൊപ്പമുള്ള ജീവിതം ആസ്വദിക്കുന്നതായും അവർ പറയുന്നു. രാഷ്ട്രീയത്തിൽ നിന്ന് അകന്നുമാറിയിട്ട് ഇപ്പോൾ അഞ്ച് വർഷത്തോളമായി. ഇനിയും മത്സരരംഗത്തുണ്ടാകുമോയെന്ന ചോദ്യം തന്നെ മടുത്തിരിക്കുന്നു, ഒരു നദി പോലെ മുന്നോട്ടു ഒഴുകാനാണ് താത്പര്യം, ഇനി ഒരു തിരിച്ചുപോക്കില്ലെന്നും ഇറോം ശർമിള പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇംഫാലിൽ നിന്ന് തൗബാൽ മണ്ഡലത്തിലേക്കു ദിവസവും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഞാൻ പോയിരുന്നത്. നൂറുകണക്കിനു വാഹനങ്ങളാണ് എതിർസ്ഥാനാർഥിയുടെ പ്രചാരണ സ്ഥലത്ത് ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരുന്നതും. അഫ്സ്പയ്ക്കെതിരായ പോരാട്ടം ന്യായമായിരുന്നു ഇപ്പോഴും അതിന് പ്രസക്തിയുണ്ട്. എന്നാൽ ആ പ്രചാരണം ജനങ്ങളിലേക്കു ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞില്ലെന്നും ഇറോം ശർമിള പറയുന്നു. മണിപ്പുർ തീർത്തും ദരിദ്രമായ സംസ്ഥാനമാണ്. അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലനിൽപ് തന്നെ. അഴിമതിയും കൊടുംകാര്യസ്ഥതയും മണിപ്പുരിൽ നിന്ന് പടിയിറങ്ങിയാലോ മണിപ്പുർ വികസിക്കൂ. ജീവിതം ആസ്വദിക്കുന്നുവെന്നും ഒന്നിലും പരിഭവമില്ലെന്നും ഇറോം ശർമിള പറഞ്ഞു.
English Summary: ‘I get the political system now… It’s corrupt’says Irom Sharmila