സർവേ: യുപിയിൽ വീണ്ടും ബിജെപി, എസ്പിക്കും നേട്ടം; തകരുമോ കോൺഗ്രസ്?
Mail This Article
ന്യൂഡൽഹി∙ ഏഴു ഘട്ടമായി നടന്ന യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. തുടർഭരണം ലക്ഷ്യമിട്ടായിരുന്നു സംസ്ഥാനത്തു ബിജെപിയുടെ പ്രചാരണം. പ്രതിപക്ഷ പാർട്ടികളായ എസ്പിയും ബിഎസ്പിയും ശക്തമായ പ്രചാരണമാണു സംസ്ഥാനത്തു കാഴ്ചവച്ചത്. എന്നാൽ തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സർവേകളും സംസ്ഥാനത്തു ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 403 അംഗ സഭയിൽ സീറ്റുകളുടെ എണ്ണത്തിൽ അൽപം കുറവുവരും എന്നത് ഒഴിച്ചാൽ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നാണു പ്രവചനം.
അതേ സമയം, കോൺഗ്രസിനും ബിഎസ്പിക്കും തകർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന എക്സിറ്റ് പോൾ സൂചനകൾ ഇങ്ങനെ:
∙ ഇന്ത്യ ടുഡേ– ആക്സിസ് മൈ ഇന്ത്യ: സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ബിജെപിക്കു വ്യക്തമായ മുൻതൂക്കം. ബിജെപിക്ക് 288–326 സീറ്റുകൾ ലഭിക്കാം. എസ്പി 71–101 സീറ്റിലൊതുങ്ങും. ബിസ്പിയും (3–9), കോൺഗ്രസും (1–3) തകർന്നടിയും.
∙ റിപ്പബ്ലിക്– പി മാർഖ്: ബിജെപിക്ക് 240 സീറ്റ് ലഭിക്കും. എസ്പി– 140.
∙ ദ് ടൈംസ് നൗ– വീറ്റോ: ബിജെപി– 225, എസ്പി– 151. ബിഎസ്പി–14, കോൺഗ്രസ്– 9
2017 നിയമസഭാ തിരഞ്ഞെടുപ്പിൽ 403 അംഗ സഭയിൽ 300ൽ അധികം സീറ്റ് നേടിയായിരുന്നു ബിജെപിയുടെ തേരോട്ടം. എസ്പി– കോൺഗ്രസ് സഖ്യം 55 സീറ്റിലും മായാവതിയുടെ ബിഎസ്പി 19 സീറ്റിലും ഒതുങ്ങി. 2012ൽ അഖിലേഷിന്റെ എസ്പി ഒറ്റയ്ക്ക് 224 സീറ്റ് നേടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷിന്റെ കന്നി മത്സരം, സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം, കർഷക സമരം, ലഖിംപുർ ദുരന്തം തുടങ്ങിയവയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.
English Summary: BJP again for UP, Akhilesh Yadav party 2nd, Congress in disarray: Exit polls