ADVERTISEMENT

വർക്കല (തിരുവനന്തപുരം)∙ ചെറുന്നിയൂരിനു സമീപം അയന്തി പന്തുവിളയിൽ ഇരുനിലവീടിനു തീപിടിച്ച് അഞ്ചു പേർ മരിക്കാനിടയായ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായത് പൂട്ടിക്കിടന്ന ഗേറ്റും. തീപിടിത്തം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർക്ക് അകത്തുനിന്നു പൂട്ടിയ നിലയിലുള്ള ഗേറ്റ് തുറക്കാനായില്ല. മതിലിനുള്ളിൽ വളർത്തുനായ ഉണ്ടായിരുന്നതിനാൽ മതിൽചാടിക്കടന്ന് വീട്ടിലെത്തി തീയണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമം വേഗത്തിലാക്കാനായില്ലെന്നും വർക്കല എംഎൽഎ വി.ജോയി സൂചിപ്പിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പൊലീസും ഫയർഫോഴ്സും ഗേറ്റുതകർത്താണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഏറെ പണിപ്പെട്ട് പുലർച്ചെ ആറുമണിയോടെയാണ് തീയണയ്ക്കാനായത്. ബൈക്കിൽ നിന്ന് തീപടർന്നതല്ല അപകടകാരണമെന്നു ഫയർഫോഴ്സ് ഓഫിസർ നൗഷാദ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാനുള്ള സാധ്യതയാണു പ്രധാനമായും പരിശോധിക്കുന്നത്. വീട്ടിലെ എസികൾക്ക് അടക്കം തീപിടിച്ചതാണ് ഈ സംശയത്തിനിടയാക്കുന്നത്. ഇതിനായി ഫൊറൻസിക്, ഇലക്ട്രിക്കൽ വിദഗ്ധരുടെ സേവനം തേടിയതായി റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ജില്ലാ കലക്ടർ നവ്ജ്യോത് ഖോസയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. മരിച്ചവർക്കൊന്നും കാര്യമായ പൊള്ളൽ ഏൽക്കാത്തതും വസ്ത്രങ്ങളിൽ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നിൽ. വീട്ടിലെ ഹാളിലെ സാധനങ്ങൾ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകൾ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ ജിപ്സം ഉപയോഗിച്ച് നടത്തിയ ഇന്റീരിയർ വർക്കുകൾ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയതായും സൂചനയുണ്ട്. എസി പ്രവർത്തിച്ചുവന്ന മുറികൾ അടച്ചനിലയിലായതിനാൽ പുക ഉള്ളിൽ പടർന്നപ്പോൾ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് സ്ഥലം സന്ദർശിച്ച റേഞ്ച് ഐജി ആർ.നിശാന്തിനി മാധ്യമങ്ങളോടു പറഞ്ഞു.

മുകൾ നിലയിലെ കർട്ടനുകൾ കത്തിനശിച്ചിട്ടില്ല. ഹാളിൽ നിന്നാകാം പുറത്ത് കാർപോർച്ചിലുണ്ടായിരുന്ന ബൈക്കുകളിലേക്ക് തീപിടിച്ചതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. വീടിനു പുറത്തോ സമീപത്തോ അസ്വഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയ ശേഷം പൊലീസ് പറയുന്നു.

വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുന്ന ബേബി എന്ന പ്രതാപന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണ്.

പുലർച്ചെ ഒന്നരയോടെ അയൽവാസിയായ കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിനു തീപിടിച്ചതു കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വീട്ടിനു ചുറ്റും എത്തുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കളഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്.

ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടത്. പ്രതാപന്റെയും ഷേർലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.

മൂന്നു മക്കളാണ് പ്രതാപന്. ഇതിൽ വിദേശത്തായ മൂത്ത മകൻ അഖിൽ എത്തിയശേഷമാകും കുടുംബാംഗങ്ങളുടെ സംസ്കാരം സംബന്ധിച്ച് തീരുമാനമെടുക്കുക. മരിച്ച അഹിലും പൊള്ളലേറ്റു ചികിൽസയിലായ നിഹുലും പിതാവിന്റെ പച്ചക്കറി മൊത്തവ്യാപാരത്തിൽ പങ്കാളികളായിരുന്നു.

എല്ലാവരെയും സഹായിക്കുന്ന മനഃസ്ഥിതിയുണ്ടായിരുന്ന പ്രതാപനെയും കുടുംബത്തെയും കുറിച്ച് നാട്ടുകാർക്ക് നല്ലതു മാത്രമാണ് പറയാനുള്ളത്. സാമ്പത്തികമായി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോയ കുടുംബത്തിലെ അഞ്ചുപേർ തീപിടിത്തത്തിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്.

English Summary: Follow Up story on Varkala fire accident killing five in a family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com