ബിജെപി നുണകൾ പ്രചരിപ്പിച്ചു; യുപിയിൽ അടുത്ത സർക്കാർ ഞങ്ങളുടേത്: അഖിലേഷ്
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ബിജെപിക്കാണെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വരുമ്പോഴും സമാജ്‌വാദി പാർട്ടി (എസ്‌പി) ആത്മവിശ്വാസത്തിലാണ്. ബിജെപി 240 സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ പറയുമ്പോൾ, എസ്‌പി 300ലധികം സീറ്റുകൾ നേടുമെന്നാണ് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറയുന്നത്.
‘തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ബിജെപി നേതാക്കൾ നുണകൾ പ്രചരിപ്പിക്കുകയായിരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയ്ക്കെതിരായാണ് ജനം വോട്ട് ചെയ്തത്. വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതി യുവാക്കൾ 5 വർഷം കാത്തിരുന്നു. കർഷകരോട് സർക്കാർ ചെയ്ത ക്രൂരതകൾ ജനം മറക്കില്ല. അവരുടെ വോട്ട് അടിസ്ഥാന വിഷയങ്ങളെ മുൻനിർത്തിയാണ്.’– അഖിലേഷ് പറഞ്ഞു.
‘തിരഞ്ഞെടുപ്പിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യം 300 സീറ്റുകൾ നേടുമെന്ന് ഉറപ്പുണ്ട്. അടുത്ത സർക്കാർ തങ്ങളുടേതാണ്. എന്തുകൊണ്ട് ഡീസൽ, പെട്രോൾ വില കുതിച്ചുയരുന്നു? എന്തുകൊണ്ട് എൽപിജി സിലിണ്ടറിന് 1000 രൂപയാക്കി? ഇതിനുള്ള മറുപടി ബിജെപി പറയണം.
എവിടെയും കാണാത്ത അഞ്ച് എക്‌സ്പ്രസ് വേകളാണ് ബിജെപി വാഗ്ദാനം ചെയ്തത്. യുപിയിൽ മിസൈലുകൾ നിർമിക്കുമെന്നും കള്ളം പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാണ് തീരുമാനിക്കുന്നത്. അവരുടെ തീരുമാനം ബിജെപിക്ക് എതിരായിരുന്നു.’–അഖിലേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്സിറ്റ് പോൾ സർവേകൾ ബിജെപിക്ക് അനുകൂലമാണ്. 200ലധികം സീറ്റുകൾ ബിജെപി നേടുമ്പോൾ എസ്പിക്ക് 140 മുതൽ 165 സീറ്റുകൾ വരെ ലഭിക്കാമെന്ന് സൂചിപ്പിക്കുന്നു. ബിജെപിക്കെതിരെ കാര്യമായ പോരാട്ടം കോൺഗ്രസിനോ ബിഎസ്പിക്കോ നടത്താനായില്ലെന്ന സൂചനയാണ് എക്സിറ്റ് പോൾ സർവേകൾ നൽകുന്നത്.
ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായാണ് നടന്നത്. ഫെബ്രുവരി 10നായിരുന്നു അദ്യഘട്ട വോട്ടെടുപ്പ്. മാർച്ച് 7നായിരുന്നു അവസാനഘട്ടം. തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പുറത്തുവരും.
English Summary: Akhilesh Yadav confident of winning 300 seats in UP election, says SP-led alliance forming next govt