യഥാർഥ ഫലം വരുമ്പോൾ അഖിലേഷ് ‘വിജയ ലഡു’ രുചിക്കും: തേജസ്വി യാദവ്
Mail This Article
പട്ന ∙ യുപി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാകും ‘വിജയ ലഡു’ രുചിക്കുകയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എക്സിറ്റ് പോൾ ഫലത്തിന്റെ ലഡു ബിജെപിക്ക് ആസ്വദിക്കാമെങ്കിലും യഥാർഥ ഫലം മറിച്ചാകുമെന്നു തേജസ്വി പ്രവചിച്ചു.
യുപിയിലെ ജനങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അഖിലേഷ് യാദവിനെ മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തിക്കുന്നതാകും ജനവിധിയെന്നു തേജസ്വി പറഞ്ഞു. യുപിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിലാണ് ബിഹാറിലെ ബിജെപി നേതാക്കൾ.
ജനങ്ങളെ സേവിക്കുന്നവർ അധികാരത്തിൽ തിരിച്ചെത്തുമെന്നു ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പു വിജയ ചരിത്രം യോഗി ആദിത്യനാഥ് യുപിയിൽ ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
English Summary: Tejashwi Yadav on UP exit poll