‘എക്സിറ്റ് പോളിനു പിന്നാലെ കോൺഗ്രസും ബിജെപിയും സമീപിച്ചു’; ഗോവയിൽ തൃണമൂൽ വിഐപിയോ?
Mail This Article
ന്യൂഡൽഹി∙ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ കോൺഗ്രസും ബിജെപിയും തങ്ങളുമായി ബന്ധപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ്–എംജിപി സഖ്യം. എക്സിറ്റ് പോൾ ഫലം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ഇതോടെ കോൺഗ്രസും ബിജെപിയും അണിയറ നീക്കങ്ങൾ ആരംഭിച്ചു.
ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ തൃണമൂൽ അടക്കമുള്ള ചെറിയ പാർട്ടികൾ കറുത്ത കുതിരകളായി മാറിയേക്കും. ഇതിനിടെയാണ് തൃണമൂൽ–മഹാരാഷ്ട്രവാദി ഗോമണ്ഡക് പാർട്ടി (എംജിപി) സഖ്യവുമായി ബിജെപി ആശയ വിനിമയം നടത്തിയെന്ന വിവരം പുറത്തു വന്നത്. എംജിപിയുമായി കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ പിന്തുണയ്ക്കില്ലെന്ന് എംജിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം സഖ്യരൂപീകരണം നടത്തുന്നത് സംബന്ധിച്ച് ബുധനാഴ്ച തൃണമൂലും എംജിപിയും ചർച്ച നടത്തും. ഫല പ്രഖ്യാപനത്തിന് ശേഷം, ലഭിക്കുന്ന സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും സഖ്യം രൂപീകരിക്കുന്നതെന്ന് എംജിപി വ്യക്തമാക്കി.
പ്രധാനന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി പ്രമോദ് സാവന്ത് ഡൽഹിയിലാണ്. ഗോവയിലെ സ്ഥിതിഗതികൾ മോദിയെ ധരിപ്പിക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. തുടർന്ന് ഗോവയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസിലെ കാണുന്നതിന് മുംബൈയിലെത്തും.
തൃണമൂൽ കോൺഗ്രസിനെക്കൂടി വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ സഖ്യരൂപീകരണം നടത്തുവെന്ന് എംജിപി നേതാവ് സുധിൻ ധവാലികർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ പിന്തുണയ്ക്കില്ല. മനോഹർ പരീക്കറിനുശേഷം പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായതോടെ രണ്ട് മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2019ലാണ് എജിപി ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
English Summary: Trinamool's Ally Is Hot Property in Goa