ഓപ്പറേഷന്‍ ഗംഗ അവസാന മണിക്കൂറുകളിൽ; കരുതലോടെ ഇന്ത്യൻ എംബസി
Mail This Article
കീവ്∙ ഇന്ത്യയുടെ രക്ഷാ ദൗത്യം ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്. യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം 1–2 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും ഇപ്പോൾ യുക്രെയ്നിലില്ല. പല കാര്യങ്ങൾ കൊണ്ട് അവിടെ തുടരുന്നവരുണ്ടായേക്കാം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം പോള്‍ട്ടോവയില്‍ നിന്നും ലിവിവിലേക്കുള്ള ട്രെയിന്‍ യാത്ര ആരംഭിച്ചു. പോളണ്ട് വഴി നാളെ ഡല്‍ഹിയിലെത്തും. ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് യുക്രെയ്നും റഷ്യയും സഹകരിച്ച് സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാദൗത്യം ഒാപ്പറേഷന്‍ ഗംഗ തുടരാനായത്.
ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. നേപ്പാള്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, തുനീസിയ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്‍റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറിലധികം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം ലിവിവിലേക്കും ശേഷം പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്കും എത്തിക്കാനാണ് തീരുമാനം.
അപായഭീഷണിയുള്ളതിനാല്‍ കരുതലോടെയാണ് എംബസിയുടെ നീക്കം. വിദ്യാർഥികളെ ഡല്‍ഹിയിലെത്തിക്കുന്നതോടെ ഇന്ത്യയുടെ രക്ഷാ ദൗത്യം പൂര്‍ത്തിയാകും. എന്നാല്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലദേശ് പൗരന്‍മാരെ കൂടി അപകടമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു.
Content highlights: V.Muraleedharan on Operation Ganga