ADVERTISEMENT

കീവ്∙ റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്നിൽ നിന്നു തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ പാക്ക് വിദ്യാർഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാർഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പടിഞ്ഞാറൻ യുക്രെയ്നിൽ നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്‍മ പറയുന്നു. 

കേന്ദ്ര സർക്കാരിന്റെ യുക്രെയ്ൻ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’ യുടെ ഭാഗമായി ബംഗ്ലദേശിൽ നിന്നുള്ള  9 വിദ്യാർഥികളെ നാട്ടിലെത്താൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി രേഖപ്പെടുത്തി. പാക്കിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിലെ വിദ്യാർഥികൾ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്കു കടക്കാൻ ഇന്ത്യൻ പതാക ഉപയോഗിച്ചെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. 

യുക്രെയ്നിൽ നിന്നു തങ്ങളെ ഒഴിപ്പിക്കാൻ പാക്കിസ്ഥാൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ഇന്ത്യൻ ഇടപെടലാണ് രക്ഷയായതെന്നും യുക്രെയ്‌നിൽ നിന്നു മടങ്ങിയെത്തിയ പാക്കിസ്ഥാൻ വിദ്യാർഥിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുക്രെയ്നിലെ നാഷനൽ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായ മിഷ അർഷാദിന്റെതായിരുന്നു വെളിപ്പെടുത്തൽ. 

ഇന്ത്യൻ വിദ്യാർഥികൾക്കായി ഇന്ത്യൻ എംബസി ഒരുക്കിയിരുന്ന ബസിൽ കയറാൻ അനുവദിച്ചെന്നും അങ്ങനെയാണ് ടെർനോപിൽ നഗരത്തിലെത്തിയതെന്നും വിദ്യാർഥിനി വെളിപ്പെടുത്തിയിരുന്നു. നേപ്പാൾ, തുനീസിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികളെയും ഇന്ത്യൻ എംബസി യുക്രെ‌യ്‌നിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചിരുന്നു. 

യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലർത്തിയതുകൊണ്ടാണു കേന്ദ്ര സർക്കാരിന്റെ യുക്രെയ്ൻ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’ വിജയം കണ്ടത്. വെടിനിർത്തി വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും ചർച്ച നടത്തിയിരുന്നു.

English Summary: Pakistani Student Thanks Indian Embassy, PM Modi For Rescuing Her From Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com