‘ജനവിധി മാനിക്കുന്നു; ജനാധിപത്യം വിജയിച്ചു’; തോൽവിയിൽ പ്രതികരിച്ച് അമരിന്ദർ
Mail This Article
അമൃത്സർ∙ പഞ്ചാബിൽ ആംആദ്മിയുടെ ചരിത്രവിജയത്തിനു മുന്നിൽ പകച്ചുപോയത് കോൺഗ്രസ് മാത്രമല്ല. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങിയ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് കൂടിയാണ്. എതിരാളി കോൺഗ്രസ് ആണെന്ന് കരുതി നീങ്ങിയ അമരിന്ദറിന് തിരിച്ചടി നൽകിയത് എഎപിയാണ്. പട്യാല അർബൻ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം 19,873 വോട്ടുകൾക്ക് തോൽക്കുകയായിരുന്നു. എഎപിയുടെ അജിത് പാൽ സിങ് കോഹ്‌ലിയാണ് അവിടെ ജയിച്ചത്. തോൽവി അംഗീകരിക്കുന്നുവെന്ന് അമരിന്ദർ വ്യക്തമാക്കിയിട്ടുണ്ട്.
‘ജനവിധി വിനയത്തോടുകൂടി ഞാൻ സ്വീകരിക്കുന്നു. ജനാധിപത്യം വിജയിച്ചു. വിഭാഗീയതയ്ക്കും ജാതിക്കുമെതിരെ വോട്ടുചെയ്തുകൊണ്ട് പഞ്ചാബികൾ പഞ്ചാബിയത്തിന്റെ യഥാർത്ഥ കരുത്ത് കാണിച്ചു.’– അമരിന്ദർ ട്വീറ്റ് ചെയ്തു.
പിസിസി അധ്യക്ഷൻ സിദ്ദുവുമായുള്ള തർക്കത്തിനൊടുവിലാണ് അമരിന്ദർ കഴിഞ്ഞ സെപ്തംബറിൽ കോൺഗ്രസ് വിട്ടത്. 4 മന്ത്രിമാർ ഉൾപ്പെടെ 40 എംഎൽഎമാരും ഹൈക്കമാൻഡും സിദ്ദുവിന്റെ വാക്കുകൾക്ക് വിലകൊടുത്തപ്പോൾ അമരിന്ദർ വോദനയോടെ പടിയിറങ്ങുകയായിരുന്നു.
പിന്നാലെ അമരിന്ദറിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് ഛന്നിയെ കോൺഗ്രസ് പ്രതിഷ്ഠിക്കുകയും ചെയ്തു.പഞ്ചാബ് ലോക് കോൺഗ്രസ് എന്നപേരിൽ പുതിയ പാർട്ടി രൂപീകരിച്ചതിനു പിന്നാലെ അമരിന്ദറിന് ബിജെപിയിൽ നിന്നും ക്ഷണമെത്തി. കർഷക സമരം ഒത്തുതീർപ്പാക്കിയാൽ കൂടെ നിൽക്കാമെന്നായിരുന്നു അമരിന്ദർ പറഞ്ഞത്. സമരം അവസാനിച്ചതിനു പിന്നാലെ ക്യാപ്റ്റൻ ബിജെപിയുമായി സഖ്യമുണ്ടാക്കി. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് അമരിന്ദറിനെ പഞ്ചാബ് ജനത കൈവിടുകയായിരുന്നു.
അതേസമയം, ഭരണത്തിലിരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് നേരിടുന്ന ഏക സംസ്ഥാനമായതിനാൽ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ സിദ്ദു തുടക്കം കുറിച്ച പാർട്ടിയിലെ ഉൾപ്പോര് കോൺഗ്രസിന്റെ വോട്ടുനിലയെ ഗണ്യമായി ബാധിച്ചെന്നാണു പ്രാഥമിക വിലയിരുത്തൽ. വലിയ പ്രയാസമില്ലാതെ ഭരണത്തുടർച്ച നേടാമായിരുന്ന സംസ്ഥാനത്താണു കോൺഗ്രസ് തകർന്നടിഞ്ഞത്.
രണ്ടു സീറ്റിൽ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. ചംകോർ സാഹിബ് മണ്ഡലത്തിലും ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലുമാണ് ഛന്നി ഭാഗ്യം പരീക്ഷിച്ചത്. നവ്ജ്യോത് സിങ് സിദ്ധു അമൃത്‌സർ ഈസ്റ്റിൽ 6750 വോട്ടുകൾക്ക് തോറ്റു. ഇവിടുത്തെ ശിരോമണി അകാലിദൾ സ്ഥാനാർഥി ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഎപി സ്ഥാനാർഥി ജീവൻജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും പിന്നിലാണ്.
English Summary: Amarinder Singh, Punjab Ex Chief Minister, Loses In Patiala