മണിപ്പുരിൽ കോൺഗ്രസ് പതനം പൂർണം; സ്വപ്നങ്ങൾ നേട്ടമാക്കി ചെറുപാർട്ടികൾ
Mail This Article
ഇംഫാല്‍ ∙ മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ താരമായത് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) ജനതാദളും (യു) അടക്കമുള്ള ചെറുപാർട്ടികൾ. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച എന്‍പിപി എട്ട് സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് ഒൻപത് സീറ്റുകളിൽ മാത്രമാണ് മുൻപിൽ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാകുക എന്ന സ്വപ്നങ്ങളുമായി കരുനീക്കിയ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മണിപ്പുരിലും മേഘാലയയിലും ബിജെപിക്ക് ഒപ്പം അധികാരം പങ്കിടുന്ന, ബിജെപി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമായ എന്‍പിപി ഇത്തവണ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 4 സീറ്റായിരുന്നു സമ്പാദ്യം.
ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജനതാദൾ (യു) 22 വർഷത്തിനു ശേഷം മണിപ്പുരിൽ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ബിഹാറിലും അരുണാചൽ പ്രദേശിലും സംസ്ഥാന പാർട്ടി പദവി നേടിയ ജെഡിയു മണിപ്പുരിലും സംസ്ഥാന പാർട്ടി എന്ന പദവി ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സംസ്ഥാനത്തെ നിയമസഭയില്‍ കുറഞ്ഞത് മൂന്ന് സീറ്റ് എങ്കിലും ലഭിക്കുകയോ കുറഞ്ഞ പക്ഷം ആറ് ശതമാനം വോട്ട് എങ്കിലും നേടുകയും ചെയ്താൽ സംസ്ഥാന പദവിയിലേക്ക് ഉയരാൻ സാധിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റുകളാണു ലഭിച്ചത്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പകരം ബിജെപിയെയാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. നാലു സീറ്റുകള്‍ വീതമുള്ള എന്‍പിപിയുടെയും എന്‍പിഎഫിന്റെയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. 21 എംഎല്‍എമാരുമായി തുടങ്ങിയ ബിജെപിക്ക് ഇപ്പോള്‍ 28 എംഎല്‍എമാരുണ്ട്. 28 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗസംഖ്യ 13 ആയി ചുരുങ്ങി. മണിപ്പുരിൽ വ്യക്തമായ മുന്നേറ്റം ഉണ്ടായതോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Manipur Assembly Election Results 2022 Updates- National People's Party