ADVERTISEMENT

ന്യൂഡൽഹി ∙ ‍പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) തരംഗം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് പഞ്ചാബിൽ എഎപി വൻ മുന്നേറ്റം നടത്തി. ആകെയുള്ള 117 സീറ്റുകളി‌ലും ഫലം അറിവാകുമ്പോൾ 92 സീറ്റും നേടി എഎപി അനായാസം ഭരണം ഉറപ്പാക്കി. ഭരണകക്ഷിയായ കോൺഗ്രസ് 18 സീറ്റിൽ ഒതുങ്ങി. സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലിദളിന് മൂന്നു സീറ്റും ബിജെപിക്ക് രണ്ടു സീറ്റും ലഭിച്ചു. ഒരു സീറ്റ് ബിഎസ്പിയും ശേഷിക്കുന്ന സീറ്റ് സ്വതന്ത്രനും സ്വന്തമാക്കി. പഞ്ചാബിൽ കേവല‌ ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഡൽഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എഎപി ഭരണത്തിലേക്ക് വരുന്നത്. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്‌വന്ത് സിങ് മാൻ ധൂരിയിൽ തകർപ്പൻ വിജയം നേടി.

ആംആദ്മി പാർട്ടിയുടെ വൻ മുന്നേറ്റത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. രണ്ടു സീറ്റിൽ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. ചംകോർ സാഹിബ് മണ്ഡലത്തിലും ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലുമാണ് ഛന്നി ഭാഗ്യം പരീക്ഷിച്ചത്. കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ തോറ്റു. 19,873 വോട്ടുകൾക്കായിരുന്നു തോൽവി. പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധു അമൃത്‌സർ ഈസ്റ്റിൽ തോറ്റു. 6750 വോട്ടിനാണ് തോൽവി. ഇവിടുത്തെ ശിരോമണി അകാലിദൾ സ്ഥാനാർഥി ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഎപി സ്ഥാനാർഥി ജീവൻജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും തോറ്റു.

പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ശിരോമണി അകാലദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി ഇത്തവണ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

English Summary: Punjab Election Result 2022 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com