ADVERTISEMENT

ഈ തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിനായി പഞ്ചാബിൽ ഇത്രയേറെ പറന്നുനടന്ന മറ്റൊരു നേതാവുണ്ടാകില്ല. പക്ഷേ, എല്ലാം വെറുതെയായി. കോൺഗ്രസിനെ മാത്രമല്ല, മത്സരിച്ച സ്വന്തം മണ്ഡലങ്ങളെ പോലും കാക്കാനാകാതെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി തോറ്റടിഞ്ഞു. ചംകോർ സാഹിബ് മണ്ഡലത്തിലും ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലുമാണു ഛന്നി ഭാഗ്യം പരീക്ഷിച്ചത്. രണ്ടിടത്തും തോറ്റു.

ചംകോർ സാഹിബിൽ എഎപി സ്ഥാനാർഥി ചരൺജിത് സിങ്ങും ബദൗറിൽ എഎപിയുടെ ലാഭ് സിങ് ഉഗോകെയുമാണ് ഛന്നിയെ നിഷ്പ്രഭനാക്കിയത്. ചംകോർ സാഹിബിൽ 1977 മുതൽ കോൺഗ്രസും ശിരോമണി അകാലിദളും നാലു തവണ വീതം ജയിച്ചിട്ടുണ്ട്. 2017ൽ എഎപിയുടെ ചരൺജിത് സിങ്ങിനെ 12,308 വോട്ടിനു പിന്നിലാക്കിയായിരുന്നു ഛന്നിയുടെ വിജയം. ബദൗറിൽ എഎപിയുടെ പിർമൽ സിങ് ദൗളയാണു 2017ൽ ജയിച്ചത്. 

ഈ തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കു നിലത്തുനിൽക്കാൻ നേരമുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി, രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥി എന്നിവയെല്ലാം ഛന്നിയെ തിരക്കുള്ള നേതാവാക്കി. രാജ്യത്തെ പട്ടികജാതി വിഭാഗക്കാരിൽ 32% പഞ്ചാബിലായതിനാൽ, ആദ്യ ദലിത് സിഖ് മുഖ്യമന്ത്രിയുടെ ഇരട്ട സ്ഥാനാർഥിത്വം കരുത്തു പകരുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ.

മുഖ്യമന്ത്രി സ്ഥാനാർഥിയായി ഛന്നിയെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണു പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്ന പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സിദ്ദുവുമായുള്ള രാഷ്ട്രീയ പോരിനിടയിൽ അമരിന്ദർ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതോടെയാണു ഛന്നി പിൻഗാമിയായത്. ഛന്നിയും സിദ്ദുവും തമ്മിൽ പോരു മൂത്തതോടെയാണ്, പതിവുവിട്ട്, മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനിച്ചത്.

1963 മാർച്ച് ഒന്നിന് ഹർഷ സിങ്ങിന്റെയും അജ്മേർ കൗറിന്റെയും മകനായി ചംകോർ സാഹിബിലെ ദരിദ്ര കുടുംബത്തിലാണു ജനനം. എംബിഎ, എൽഎൽബി, പിഎച്ച്ഡി എന്നിങ്ങനെയാണു വിദ്യാഭ്യാസ യോഗ്യത. ഡോ. കമൽജിത് കൗർ ആണ് ഭാര്യ. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഹാൻഡ് ബോൾ താരമായ ഛന്നി പ‍ഞ്ചാബ് യൂണിവേഴ്‍സിറ്റിക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. മൂന്നുതവണ മത്സരിച്ചു ജയിച്ച ചംകോർ സാഹിബ് മണ്ഡലത്തിനൊപ്പമാണു ബദൗർ സീറ്റിലും ഛന്നി ഭാഗ്യം പരീക്ഷിച്ചത്.

EDS PLS TAKE NOTE OF THIS PTI PICK OF THE DAY:::  Ludhiana: Punjab Congress leaders Charanjit Singh Channi and Navjot Singh Sidhu at an election rally, in Ludhiana, Sunday, Feb. 06, 2022. (PTI Photo)(PTI02_06_2022_000204B)(PTI02_06_2022_000241B)
നവജ്യോത് സിങ് സിദ്ദു, ചരൺജിത് സിങ് ഛന്നി

ദലിത് വിഭാഗത്തിന്റെയും കർഷകരുടെയും വോട്ടിലായിരുന്നു കോൺഗ്രസിന്റെ കണ്ണ്. പക്ഷേ അതത്ര എളുപ്പത്തിൽ സമാഹരിക്കാനായില്ലെന്നു ഫലം തെളിയിക്കുന്നു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് അനന്തരവൻ ഭൂപീന്ദർ സിങ് ഹണിയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതു ഛന്നിയെ ബാധിച്ചു. ചാംകോർ സാഹിബിൽ അനധികൃത മണൽഖനനം രൂക്ഷമാണെന്ന് ആം ആദ്മി ആരോപിച്ചിരുന്നു. ഛന്നി ബദൗറിൽ മത്സരിക്കുന്നതോടെ, എഎപിയുടെ വോട്ട് ബാങ്കിൽ വലിയ ആഘാതമുണ്ടാകുമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലും വെറുതെയായി.

പഞ്ചാബിൽ 20% പേർ ജാട്ട് സിഖ് വിഭാഗത്തിൽ പെടുന്നവരാണ്. 1977 മുതൽ 2017 വരെ ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ മാത്രമായിരുന്നു മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നത്. 1972-77 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന ഗ്യാനി സെയിൽ സിങ്ങിന് ശേഷം ജാട്ട് സിഖ് ഇതര മുഖ്യമന്ത്രിയാകുന്നത് ഛന്നിയാണ്. വരുംദിനങ്ങളിലും കോൺഗ്രസിലെ ചർച്ചയുടെ കേന്ദ്രബിന്ദു ഛന്നിയാകും. തിരഞ്ഞെടുപ്പു ഫലത്തെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിൽ വിള്ളലുണ്ടായാലും ഛന്നിക്കൊപ്പം നിൽക്കാനാണു ഹൈക്കമാൻഡ് തീരുമാനമെന്നാണു സൂചന.

English Summary: Punjab election results: CM Charanjit Singh Channi loses both seats to AAP candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com