അമേഠിയില്‍ 4 സീറ്റിലും തകർന്നടിഞ്ഞ് കോൺഗ്രസ്, ബിജെപിക്കും എസ്പിക്കും നേട്ടം
Mail This Article
ലക്നൗ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ അമേഠിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടി. അമേഠി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിലോയ്, ജഗദീഷ്പുര്‍ (പട്ടിക ജാതി), ഗൗരിഗഞ്ച്, അമേഠി എന്നീ നാലു നിയമസഭാ സീറ്റുകളില്‍ രണ്ടു സീറ്റുകളിൽ ബിജെപിയും രണ്ടു സീറ്റുകളിൽ എസ്പിയും ജയിച്ചു. തിലോയ്, ജഗദീഷ്പുര്‍ സീറ്റുകളിൽ ബിജെപിയും ഗൗരിഗഞ്ച്, അമേഠി സീറ്റുകളിൽ എസ്പിയുമാണ് ജയിച്ചത്.
2017ലെ തിരഞ്ഞെടുപ്പില്‍ ഗൗരിഗഞ്ചില്‍ എസ്പിയും ബാക്കി മൂന്നു സീറ്റുകളില്‍ ബിജെപിയുമാണ് ജയിച്ചത്. അമേഠി സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മഹാരാജി പ്രജാപതി 86,090 വോട്ടുകൾക്ക് ജയിച്ചു. ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് സിങ് 68,533 വോട്ടുകൾ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആശിഷ് ശുക്ല 13,858 വോട്ടുകള്‍ നേടി. ബിഎസ്പി സ്ഥാനാര്‍ഥി രാഗിണി തിവാരി 9, 926വോട്ടുകളും നേടി.
അമേഠിയില്‍ സഞ്ജയ് സിങ്ങിന്റെ ഭാര്യ അമിതാ സിങ്ങും ആദ്യ ഭാര്യ ഗരിമ സിങ്ങും ബിജെപി ടിക്കറ്റിനായി മത്സരിച്ചെങ്കിലും പാര്‍ട്ടി സ്ഥാനാർഥിത്വം സഞ്ജയ് സിങ്ങിനു നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭാ എംപിയായ സഞ്ജയ് സിങ് 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അമേഠിയില്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍എയാണ് ഗരിമ സിങ്.
2017ലെ തിരഞ്ഞെടുപ്പിൽ ഗരിമ സിങ് 64,226 വോട്ടുകൾക്കാണ് ജയിച്ചത്. 2012ലെ തിരഞ്ഞെടുപ്പിൽ എസ്പിയുടെ ഗായത്രി പ്രസാദ് പ്രജാപതിയായിരുന്നു ജയിച്ചത്.
2004, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍നിന്ന് എംപിയായ രാഹുല്‍ ഗാന്ധി, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ അമേഠിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
English Summary: Uttar Pradesh Assembly Election Results 2022, Amethi Constituency